ബംഗളൂരു: നഗരത്തിലെ ഓട്ടോറിക്ഷ യാത്രകൾ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കാൻ പുതിയ നടപടികളുമായി ബംഗളൂരു ട്രാഫിക് പൊലീസ്. നഗരത്തിൽ അനധികൃതമായി സർവിസ് നടത്തുന്ന ഓട്ടോറിക്ഷകളെ നിയന്ത്രിക്കുന്നതിനായി ഓട്ടോറിക്ഷകളുടെ പുറത്ത് പതിക്കാൻ കഴിയുന്ന ‘വെരിഫിക്കേഷൻ സ്റ്റിക്കറുകൾ’അവതരിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ബംഗളൂരുവിൽ പെർമിറ്റില്ലാതെയും രേഖകൾ പുതുക്കാതെയും സർവിസ് നടത്തുന്ന ആയിരക്കണക്കിന് അനധികൃത ഓട്ടോറിക്ഷകളുണ്ട്. ഇത്തരം ഓട്ടോകളെ തിരിച്ചറിയാൻ പൊലീസിനെയും യാത്രക്കാരെയും സഹായിക്കുകയാണ് സ്റ്റിക്കറുകളുടെ ലക്ഷ്യം.
പ്രായോഗികമാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും ഉടൻ പ്രാബല്യത്തിൽ വരുമെന്നും ട്രാഫിക് ജോയന്റ് പൊലീസ് കമീഷണർ കാർത്തിക് റെഡ്ഡി അറിയിച്ചു. ഓട്ടോറിക്ഷകളുടെ മുൻഭാഗത്തോ യാത്രക്കാർക്ക് കാണാവുന്ന രീതിയിലോ സ്റ്റിക്കർ പതിക്കും. യാത്രക്കാർക്ക് തങ്ങൾ കയറുന്നത് അംഗീകൃത ഓട്ടോയിലാണോ എന്ന് എളുപ്പത്തിൽ മനസ്സിലാക്കാനും പൊലീസ് പരിശോധന വേഗത്തിലാക്കാനും സഹായിക്കും.
സ്റ്റിക്കറുകൾക്ക് പുറമെ, ഓട്ടോകൾക്കായി ക്യു.ആർ കോഡ് സംവിധാനമുള്ള ഡിസ്പ്ലേ കാർഡുകളും പൊലീസ് പുറത്തിറക്കുന്നുണ്ട്. ‘അസ്ത്രം’മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ച കാർഡുകളിൽ ഡ്രൈവറുടെ ഫോട്ടോ, വിലാസം, ഫോൺ നമ്പർ, ലൈസൻസ്, വാഹന രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവ ലഭ്യമാകും.
വാടകക്ക് ഓട്ടോ ഓടിക്കുന്ന ഡ്രൈവർമാർ ഓരോ ഓട്ടോക്കും പ്രത്യേകം ഡിസ്പ്ലേ കാർഡുകൾ കരുതേണ്ടി വരും. ഇത് ഉടമയുടെയോ പെർമിറ്റിന്റെയോ അടിസ്ഥാനത്തിലല്ല, മറിച്ച് ഡ്രൈവർമാർക്ക് വ്യക്തിഗതമായിട്ടായിരിക്കും നൽകുക. സാങ്കേതിക തടസ്സങ്ങൾ കാരണം വൈകിയെങ്കിലും ജനുവരി അവസാനത്തോടെ നടപ്പാകുമെന്ന് അധികൃതർ അറിയിച്ചു. പെർമിറ്റില്ലാതെയും രേഖകൾ പുതുക്കാതെയും സർവിസ് നടത്തുന്ന ആയിരക്കണക്കിന് ഓട്ടോകളുണ്ട് നഗരത്തിൽ.
ബംഗളൂരുവിലെ എല്ലാ ഓട്ടോറിക്ഷകൾക്കും വെരിഫിക്കേഷൻ സ്റ്റിക്കറുകളും ക്യു.ആർ കോഡ് കാർഡുകളും നിർബന്ധമായിരിക്കുമെന്ന് കർണാടകയിലെ ഡയറക്ടർ ജനറലും(ഡി.ജി) ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസുമായ (ഐ.ജി.പി) എം.എ. സലീം വ്യക്തമാക്കി. ഡ്രൈവറുടെ പൂർണ വിവരങ്ങൾ ലഭ്യമാകുന്നതിലൂടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രികർക്ക് കൂടുതൽ സുരക്ഷ ലഭിക്കും. ഓട്ടോ ഡ്രൈവർമാർ മോശമായി പെരുമാറുകയോ അമിതനിരക്ക് ചോദിക്കുകയോ ചെയ്താൽ ക്യു.ആർ കോഡ് വഴി ലഭിക്കുന്ന വിവരങ്ങൾ വെച്ച് പൊലീസിൽ പരാതി നൽകാം.
നഗരത്തിലെ ഓട്ടോറിക്ഷകള്‍ അമിതനിരക്ക് ഈടാക്കുന്നതായ പരാതി വ്യാപകമാണ്. കഴിഞ്ഞ ആഗസ്റ്റിൽ ഓട്ടോ നിരക്ക് വർധിപ്പിച്ചിരുന്നു. മിനിമം തുക 30ൽ നിന്ന് 36 രൂപയായും, പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയിൽ നിന്ന് 18 രൂപയായും ഉയർത്തി. എന്നാൽ, നഗരത്തിലെ 3.6 ലക്ഷം ഓട്ടോകളിൽ വെറും 45,000 എണ്ണം മാത്രമാണ് പുതിയ നിരക്കിലേക്ക് മീറ്റർ കാലിബ്രേറ്റ് ചെയ്തത്. പുതിയ നിരക്കിലേക്ക് മീറ്റർ മാറ്റാത്ത ഓട്ടോകൾക്കെതിരെ ശനിയാഴ്ച മുതൽ മൂന്ന് ദിവസത്തെ പ്രത്യേക പരിശോധന നടത്തുമെന്നും നിയമലംഘകർക്ക് 500 രൂപ പിഴ ചുമത്തുമെന്നും ലീഗൽ മെട്രോളജി വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.