പു.ക.സ ബാംഗ്ലൂർ ഏർപ്പെടുത്തിയ ഷാജി എൻ.കരുൺ അനുസ്മരണ സമ്മേളനത്തില്‍ നിരൂപകനും എഴുത്തുകാരനുമായ മധു ഇറവങ്കര സംസാരിക്കുന്നു
ബംഗളൂരു: ഭരണകൂട ഭീകരതക്കെതിരെ മനുഷ്യ പക്ഷത്തുനിന്ന് കൊണ്ട് മലയാള സിനിമക്ക് അനുപമമായ ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച ചലച്ചിത്രകാരനാണ് ഷാജി എൻ. കരുൺ എന്ന് നിരൂപകനും എഴുത്തുകാരനുമായ മധു ഇറവങ്കര പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) ബാംഗ്ലൂർ ഏർപ്പെടുത്തിയ ഷാജി എൻ.കരുൺ അനുസ്മരണ സമ്മേളനത്തിന്‍റെ ഭാഗമായി 'നവ സിനിമയുടെ വർത്തമാനം' എന്ന വിഷയം അവതരിപ്പിച്ചു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യൻ്റെ വ്യഥകളും സഹനങ്ങളും ദുരവസ്ഥകളും ദൃശ്യവൽക്കരിച്ചുകൊണ്ട് സങ്കടൽതീരത്തുനിന്നുള്ള നിലവിളികൾ നമ്മെകേൾപ്പിച്ച കാലത്തെ അതിജീവിക്കുന്ന അനശ്വര സിനിമകൾ നമുക്കു സമ്മാനിച്ച ഷാജി എൻ.കരുൺ ശക്തമായ രാഷ്ട്രീയ ഇടപെടലുകളാണ് തൻ്റെ ചിത്രങ്ങളിലൂടെ നടത്തിയത്. നമ്മുടെ ചലചിത്രനിരൂപകരും പ്രേക്ഷകരും അദ്ദേഹത്തിൻ്റെ സിനിമകളെ അവ അർഹിക്കുന്ന ഗൗരവത്തോടെ സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മലയാളസിനിമക്ക് മികവുറ്റ ഒരു ചരിത്ര പശ്ചാത്തലമുണ്ട്. നവതരംഗത്തിലൂടെ വന്ന ആധുനികതയും പിന്നെ ഉത്തരാധുനികതയും കടന്ന് മലയാളസിനിമയുടെ വർത്തമാനകാലം സത്യാനന്തരകാലത്തിലെത്തിനിൽക്കു മ്പോൾ ഇന്ത്യൻസിനിമയിൽ മലയാളം ആർജ്ജിച്ചെടുത്ത അധീശത്വം നമുക്ക് നഷ്ടപ്പെടുകയാണ്.
ഈ നഷ്‍ടപ്പെട്ട പഴുതിലൂടെയാണ് അസത്യത്തെ സത്യമായി അവതരിപ്പിച്ച 'കേരള സ്റ്റോറി' കൾ കടന്നു വരുന്നത്. കേരള സ്റ്റോറികളുടെ പരോക്ഷമായ ആവർത്തനമാണ് മലയാള സിനിമകളിൽ പലതുമെന്ന് മധു ഇറവങ്കര പറഞ്ഞു. സുധാകരൻ രാമന്തളി, ഡെന്നിസ്പോൾ, ആർ.വി. ആചാരി, കെ.ആർ. കിഷോർ, സുദേവ് പുത്തൻചിറ, ബി.എസ്. ഉണ്ണികൃഷ്ണൻ, പൊന്നമ്മ ദാസ്, മണി ചാവക്കാട് എന്നിവർ സംസാരിച്ചു. പു.ക.സ ബാംഗ്ലൂർ പ്രസിഡന്‍റ് വല്ലപ്പുഴ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ജോയിന്‍റ് സെക്രട്ടറി സതീഷ് തോട്ടശ്ശേരി മധു ഇറവങ്കരയെ പരിചയപ്പെടുത്തി.
പ്രശസ്ത എഴുത്തുകാരനായിരുന്ന എം.പി. നാരായണപിള്ളയുടെ 'യാത്രക്കിടയിൽ' എന്ന കഥയുടെ ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ടെലിഫിലിം പ്രദർശിപ്പിച്ചു. സെക്രട്ടറി സി.കുഞ്ഞപ്പൻ സ്വാഗതവും ട്രഷറർ പി.പി. പ്രദീപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.