മംഗളൂരു : കർണാടകയിൽ ബംഗളൂരുവിന് പുറത്ത് മറ്റൊരു വിവരസാങ്കേതികവിദ്യ സങ്കേതം എന്ന നിലയിൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച മംഗളൂരു ഐ.ടി പാർക്ക് പദ്ധതി അനിശ്ചിതത്വത്തിൽ. മതിയായ അടിസ്ഥാന സൗകര്യ അഭാവത്തിൽ ടെൻഡറിൽ പങ്കെടുക്കാൻ ആളില്ലാത്തതാണ് പ്രതിസന്ധി. കഴിഞ്ഞ ഡിസംബർ 15 ന് ആരംഭിച്ച ആദ്യ ലേല പ്രക്രിയ ഒരു അപേക്ഷ പോലും ലഭിക്കാതെ അവസാനിച്ചു. വെള്ളിയാഴ്ച അവസാനിക്കാനിരിക്കുന്ന രണ്ടാം വട്ടത്തിൽഒരു ലേലക്കാരൻ മാത്രമാണ് താൽപര്യം പ്രകടിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു.
മംഗളൂരുവിൽ സമ്പന്ന വിഭാഗങ്ങൾ താമസിക്കുന്ന ഡെറെബെയ്‌ലിൽ ബ്ലൂബെറി ഹിൽസ് റോഡിന് സമീപം 3.2 ഏക്കർ സ്ഥലത്താണ് 135 കോടി രൂപയുടെ പദ്ധതി വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ദേശീയപാത 66 ൽ നിന്ന് ഒരു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ പദ്ധതി കർണാടകയിലുടനീളം ഐ.ടി, ബി.ടി നിക്ഷേപങ്ങൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംസ്ഥാന സർക്കാറിന്റെ ‘ബംഗളൂരുവിന് അപ്പുറം’ സംരംഭത്തിന്റെ ഭാഗമാണ്.
കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്‌മെന്റ് കോർപറേഷൻ (കിയോണിക്‌സ്) ആണ് ടെൻഡർ ക്ഷണിച്ചത്. ഈ മേഖലയിലേക്കുള്ള മോശം റോഡുകളാണ് സംരംഭത്തിൽ നിന്ന് അകലാൻ പ്രധാന തടസ്സമായി ചൂണ്ടിക്കാണിക്കുന്നത്. ദീർഘകാല പാട്ടത്തിനാണ് ഭൂമി വാഗ്ദാനം ചെയ്യുന്നത്. അതിന് യോജിച്ച രീതിയിൽ സമീപന റോഡ് വികസനം നടന്നിട്ടില്ല, ഇത് പ്രധാന ആശങ്കകളിലൊന്നായി കണക്കാക്കപ്പെടുന്നു. കർശന ടെൻഡർ വ്യവസ്ഥകൾ ലേലക്കാരെ നിരുത്സാഹപ്പെടുത്തുന്നതായും പറയുന്നു. ചില വ്യവസ്ഥകളിൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും നിരവധി തടസ്സങ്ങൾ നിലനിൽക്കുന്നു. ഭൂമി സർക്കാറിന്റേതായതിനാൽ നിക്ഷേപകർ കുറഞ്ഞ വാടക നിരക്കുകൾ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ ഉദ്ധരിച്ച നിരക്കുകൾ വളരെ ഉയർന്നതാണെന്ന് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. രാജ്യത്തെ ആദ്യകാല സൗകര്യങ്ങളിൽ ചിലത് മംഗളൂരുവിലുണ്ടെങ്കിലും ബംഗളൂരുവിന് സമാനമായ ആവാസവ്യവസ്ഥ നഗരത്തിൽ ഇപ്പോഴും ഇല്ലെന്നാണ് ഐ.ടി സംരംഭകരുടെ നിരീക്ഷണം.വാടക നിരക്കുകൾ ഉയർന്നതാണെന്ന് ക്രെഡായ് മംഗളൂരു പ്രസിഡന്റ് വിനോദ് പിന്റോ അഭിപ്രായപ്പെട്ടു. പകരം മംഗളൂരുവിനെ ടയർ -രണ്ട് നഗരമായി പരിഗണിച്ച് നിശ്ചയിക്കണം. ബംഗളൂരുവിനോ മറ്റ് മെട്രോ നഗരങ്ങൾക്കോ സമാനമായ വാടക ഘടനകൾ സ്വീകരിക്കുന്നത് ഉചിതമല്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.