ബംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ബി.ബി.എം.പിയുടെയും നേതൃത്വത്തിൽ ബംഗളൂരുവിൽ ഞായറാഴ്ച കുഞ്ഞുങ്ങൾക്കുള്ള പൾസ് പോളിയോ പ്രതിരോധ കുത്തിവെപ്പ് സംഘടിപ്പിക്കും. ബംഗളൂരു നഗരത്തിലെ 145 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലും 228 നമ്മ ക്ലിനിക്കുകളിലും ഡിസ്പെൻസറികളിലും അംഗൻവാടി കേന്ദ്രങ്ങളിലും സ്കൂളുകളിലും പൾസ് പോളിയോ ഡ്രൈവ് പരിപാടി നടക്കും.
ബസ്സ്റ്റാൻഡുകളിൽ മൊബൈൽ വാഹനങ്ങളുമായെത്തിയും ആരോഗ്യ പ്രവർത്തകർ തുള്ളിമരുന്ന് വിതരണം ചെയ്യും. നഗരപരിധിയിലെ റെയിൽവേ സ്റ്റേഷനുകൾ, ഷോപ്പിങ് മാളുകൾ, നഴ്സിങ് ഹോമുകൾ, മെഡിക്കൽ കോളജുകൾ, പ്രധാന പാർക്കുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും ഡ്രൈവ് നടക്കും. ബി.ബി.എം.പി പരിധിയിൽ 11,12,995 കുഞ്ഞുങ്ങൾക്ക് പോളിയോ പ്രതിരോധ വാക്സിൻ നൽകാനുണ്ടെന്നാണ് കണക്ക്. 2014ൽ രാജ്യം പോളിയോ മുക്തമായി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, അയൽരാജ്യങ്ങളിൽ പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇതിനായി 3403 ബൂത്തുകളാണൊരുക്കുക. 380 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അഞ്ചു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകാൻ രക്ഷിതാക്കൾ മുന്നോട്ടുവരണമെന്ന് ബി.ബി.എം.പി ആരോഗ്യവകുപ്പ് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.