ഉഡുപ്പി-കാസർകോട് 400 കെ.വി വൈദ്യുതി ട്രാൻസ്മിഷൻ ലൈനിനും പാലഡ്ക-കടണ്ടലെ 400/220 കെ.വി പദ്ധതിക്കുമെതിരെ വ്യാഴാഴ്ച മംഗളൂരു നഗരത്തിൽ നടന്ന പ്രതിഷേധറാലി
മംഗളൂരു: ഉഡുപ്പി-കാസർകോട് 400 കെ.വി വൈദ്യുതി ട്രാൻസ്മിഷൻ ലൈനിനും പാലഡ്ക-കടണ്ടലെ 400/220 കെ.വി പദ്ധതിക്കുമെതിരെ വ്യാഴാഴ്ച മംഗളൂരു നഗരത്തിൽ പ്രതിഷേധ റാലി നടത്തി. മംഗളൂരു, ഉഡുപ്പി കത്തോലിക്ക സഭകളും പരിസ്ഥിതി, കർഷക സംഘടനകളും നേതൃത്വം നൽകിയ റാലിയിൽ ആയിരങ്ങൾ അണിനിരന്നു. കൃഷിഭൂമിയും വനമേഖലയും നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. ഭൂവുടമകളുമായി ശരിയായ കൂടിയാലോചന കൂടാതെയും നിയമപരമായ മാനദണ്ഡങ്ങൾ ലംഘിച്ചുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആരോപിച്ചു. മംഗളൂരു രൂപത പി.ആർ.ഒ ഫാ. ജെ.ബി. സൽദാന പ്രതിഷേധക്കാർക്ക് പച്ചക്കൊടി കൈമാറി റാലി ഫ്ലാഗ് ഓഫ് ചെയ്തു.
യു.കെ.ടി.എൽ-സ്റ്റെർലൈറ്റ് പവർ നടപ്പാക്കുന്ന ഉഡുപ്പി-കാസർകോട് വൈദ്യുതി പ്രസരണ പദ്ധതി കാർഷിക, വനഭൂമികളെ ബാധിക്കുമെന്നതിനാൽ കഴിഞ്ഞ അഞ്ചു വർഷമായി കടുത്ത എതിർപ്പ് നേരിടുന്നുണ്ട്. ഈ പദ്ധതി 2,300 ഏക്കർ കൃഷിഭൂമി ഉൾപ്പെടെ 3,450 ഏക്കറിലധികം നശിപ്പിക്കുമെന്നും ഇത് ഏകദേശം 2.65 ലക്ഷം കവുങ്ങ്, ലക്ഷം തെങ്ങ്, 4.5 ലക്ഷം കുരുമുളക് വള്ളികൾ, 2.5 ലക്ഷത്തിലധികം വലിയ മരങ്ങൾ എന്നിവക്ക് നാശനഷ്ടമുണ്ടാക്കുമെന്നും പ്രതിഷേധക്കാർ അവകാശപ്പെടുന്നു. നിർദിഷ്ട ലൈൻ 328 വീടുകൾ, 26 ക്ഷേത്രങ്ങൾ, 16 ക്രൈസ്തവ ദേവാലയങ്ങൾ, 14 സ്കൂളുകൾ, 13 പള്ളികൾ എന്നിവയെയും ബാധിക്കും.
പരിസ്ഥിതി നാശത്തിനൊപ്പം ഉയർന്ന വോൾട്ടേജ് വൈദ്യുതി ലൈനുകളിലൂടെ ഉയർന്ന റേഡിയേഷൻ സാധ്യതയുള്ളതിനാൽ ആരോഗ്യപരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ട്രാൻസ്മിഷൻ ലൈനുകൾ പുറപ്പെടുവിക്കുന്ന വൈദ്യുത കാന്തികതരംഗങ്ങൾ താമസക്കാർക്കും കന്നുകാലികൾക്കുമിടയിൽ അർബുദം, വന്ധ്യത, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. കൃഷിഭൂമിയുടെയും വനങ്ങളുടെയും നാശം തടയുന്നതിനായി പദ്ധതി വഴിതിരിച്ചു വിടുക,1885 ലെ കാലഹരണപ്പെട്ട ടെലിഗ്രാഫ് നിയമം പിൻവലിക്കുകയും കൂടുതൽ പ്രസക്തമായ 2003 ലെ വൈദ്യുതി നിയമം നടപ്പാക്കുകയും ചെയ്യുക, വൈദ്യുതി പ്രസരണ പദ്ധതികൾക്കുള്ള സർക്കാർ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, യു.കെ.ടി.എൽ-സ്റ്റെർലൈറ്റ് പവറിന്റെ ഏകപക്ഷീയ അധികാരം ഈ പദ്ധതിയുടെ മേൽ എടുത്തുകളയുകയും സർക്കാറിനെ പ്രധാന പങ്കാളിയായി ഉൾപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.