പാകിസ്താൻ അനുകൂല മുദ്രാവാക്യ വിവാദം; ഫോറൻസിക് പരിശോധനക്ക് കർണാടക സർക്കാർ

ബംഗളൂരു: രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയവുമായി ബന്ധപ്പെട്ട് പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളി ഉയർന്നതായ ബി.ജെ.പി ആരോപണത്തിൽ അന്വേഷണം നടത്താൻ കർണാടക സർക്കാർ. സ്വകാര്യ ഫോറൻസിക് ലബോറട്ടറിയിലെ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളി ഉയർന്നതായി ബി.ജെ.പി വാദമുയർത്തിയത്.

ഇത് ഭരണകക്ഷിയായ കോൺഗ്രസിനെതിരെ ബി.ജെ.പി പ്രചാരണായുധമാക്കിയതിന് പിന്നാലെയാണ് സർക്കാർ നടപടി. വിഡിയോ ദൃശ്യം സർക്കാറിന്‍റെ ഫോറൻസിക് ലാബിൽ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. ഫെബ്രുവരി 27ന് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി നസീർ ഹുസൈന്‍റെ അനുയായികൾ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാണ് ബി.ജെ.പി ആരോപണം.

എന്നാൽ, താൻ ‘നസീർ ഹുസൈന് അനുകൂലമായാണ് മുദ്രാവാക്യം വിളിച്ചതെ’ന്ന് അനുയായി പ്രതികരിച്ചിരുന്നു. എന്നാൽ, ‘ക്ലൂ ഫോർ എവിഡൻസ് ഫോറൻസിക് ഇൻവെസ്റ്റിഗേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്വകാര്യ ഫോറൻസിക് ലാബിൽനിന്നുള്ള റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പി ആരോപണം. ഈ റിപ്പോർട്ടിൽ ഓഡിയോ ഫോറൻസിക് പരിശോധകനായി ഒപ്പുവെച്ചിരുന്നത് സംവാദ ഫൗണ്ടേഷനിലെ ബി.എൻ. ഫനീന്ദർ എന്നയാളാണ്.

‘വിഡിയോ ദൃശ്യം ഒറ്റത്തവണയായി എടുത്തതാണ്. അതിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതിൽ ‘നസീർ സാബ് സിന്ദാബാദ്’ എന്നാണോ ‘പാകിസ്താൻ സിന്ദാബാദ്’ എന്നാണോ വിളിച്ചതെന്ന ചോദ്യത്തിൽ, ‘പാകിസ്താൻ സിന്ദാബാദ്’ എന്നാവാനുള്ള ഉയർന്ന സാധ്യതയാണ് മേൽപറഞ്ഞ വിശകലനം സൂചിപ്പിക്കുന്നത്’- ഫനീന്ദർ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, സംവാദ ഫൗണ്ടേഷൻ ആർ.എസ്.എസ് അനുകൂല സംഘടനയാണെന്ന് ചൂണ്ടിക്കാട്ടിയ ഐ.ടി മന്ത്രി പ്രിയങ്ക് ഖാർഗെ, സ്വകാര്യ ഏജൻസിയുടെ റിപ്പോർട്ട് ഉയർത്തി പ്രചാരണം നടത്തിയ ബി.ജെ.പിയുടെ വിശ്വാസ്യത ഇല്ലാതായെന്ന് പറഞ്ഞു.

സ്വകാര്യ ഫോറൻസിക് ലാബിലെ പരിശോധന ഫലങ്ങൾ ഔദ്യോഗികമായി പരിഗണിക്കില്ലെന്ന് പ്രതികരിച്ച ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര, പ്രസ്തുത റിപ്പോർട്ട് സ്വകാര്യവ്യക്തി അദ്ദേഹത്തിന്‍റെ സ്വന്തം ലാബിൽ പരിശോധന നടത്തി റിപ്പോർട്ട് തയറാക്കിയതാണോ എന്ന് അന്വേഷിക്കാൻ പൊലീസിന് നിർദേശം നൽകി. ആരുടെ അനുമതിയോടെയാണ് അദ്ദേഹം അത് ചെയ്തതെന്നും അത്തരം റിപ്പോർട്ട് പുറത്തുവിടാൻ അദ്ദേഹത്തിന് അനുമതിയുണ്ടോ എന്നതുമടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. 

Tags:    
News Summary - Pro-Pakistan slogan controversy; For forensic examination Government of Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.