ചാമുണ്ഡേശ്വരി വർദ്ധന്തി, ആഷാഢ വെള്ളിയാഴ്ചകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ മൈസൂരു ജില്ല ഡെപ്യൂട്ടി കമീഷണറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം
ബംഗളൂരു: ചാമുണ്ഡിക്കുന്നിലേക്ക് ആയിരക്കണക്കിന് ഭക്തരെ ആകർഷിക്കുന്ന വരാനിരിക്കുന്ന ചാമുണ്ഡേശ്വരി വർദ്ധന്തി, ആഷാഢ വെള്ളിയാഴ്ചകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ മൈസൂരു ഡെപ്യൂട്ടി കമീഷണർ ജി.ലക്ഷ്മികാന്ത് റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ല പഞ്ചായത്ത് ഡി. ദേവരാജ് അർസ് ഹാളിൽ നടന്ന യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു ഡി.സി. ജൂൺ 27, ജൂലൈ നാല്, ജൂലൈ 11, ജൂലൈ 18 തീയതികളിലെ ആഷാഢ വെള്ളിയാഴ്ചകളുടെയും ജൂലൈ 17ന് ചാമുണ്ഡേശ്വരി ദേവിയുടെ വർദ്ധന്തി (ജന്മദിനം)യുടെയും ക്രമീകരണങ്ങൾ അവലോകനം ചെയ്തു.
ഗതാഗതം നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആഷാഢ വെള്ളിയാഴ്ചകളിലും വർദ്ധന്തി ദിനത്തിലും ചാമുണ്ഡിക്കുന്നിലേക്ക് സ്വകാര്യ വാഹനങ്ങൾ പ്രവേശിക്കുന്നത് നിയന്ത്രിക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചു. ഭക്തർ അവരുടെ വാഹനങ്ങൾ ലളിത മഹൽ പാലസ് ഹോട്ടലിന്റെ നിയുക്ത സ്ഥലത്ത് പാർക്ക് ചെയ്യണം. അവിടെനിന്ന് പൊതുഗതാഗത സേവനങ്ങൾ അവരെ കുന്നിൻ മുകളിലേക്ക് കൊണ്ടുപോകും. ആവശ്യമായ സുരക്ഷാ, ഗതാഗത നടപടികൾ നടപ്പിലാക്കാൻ ഡെപ്യൂട്ടി കമീഷണർ പൊലീസ് വകുപ്പിന് നിർദേശം നൽകി. ഉത്സവ വേളകളിൽ ശുദ്ധമായ കുടിവെള്ളം വിതരണംചെയ്യുന്നതിനും ശുചിത്വം പാലിക്കുന്നതിനും മൈസൂരു സിറ്റി കോർപറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി 1,000 പടികളിലെ എല്ലാ തെരുവുവിളക്കുകളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാനും കുന്നിലെ എല്ലാ ക്ഷേത്രങ്ങളിലും വെളിച്ചം നൽകാനും സപ്ലൈ കോർപറേഷനോട് നിർദേശിച്ചിട്ടുണ്ട്. ആഷാഢ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പൊതുദർശനം സൗജന്യമായിരിക്കും. പ്രവേശന ദർശന ടിക്കറ്റുകൾക്ക് 50 രൂപയും പ്രത്യേക ദർശനത്തിന് 300 രൂപയുമാവും നിരക്ക്. സിറ്റി പൊലീസ് കമീഷണർ സീമ ലട്കർ, എം.സി.സി കമീഷണർ ഷെയ്ഖ് തൻവീർ ആസിഫ്, ഡി.സി.പി എം. മുട്ടുരാജു, ചാമുണ്ഡേശ്വരി വികസന അതോറിറ്റി സെക്രട്ടറി എം.ജെ. രൂപ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.