ബംഗളൂരു: ബലാത്സംഗക്കേസിൽ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതുകേട്ട് വിതുമ്പിക്കരഞ്ഞ് ജെ.ഡി.എസ് മുൻ എം.പി പ്രജ്വൽ രേവണ്ണ. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയത്തിൽ പെട്ടെന്നുയർന്നുവന്നതാണ് തന്റെ ‘തെറ്റ്’ എന്നും പ്രജ്വൽ പറഞ്ഞു. എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ ശനിയാഴ്ചയായിരുന്നു നാടകീയ രംഗങ്ങൾ. തന്റെ ശിക്ഷ കുറക്കണമെന്നും അദ്ദേഹം ജഡ്ജിയോട് അപേക്ഷിച്ചു. ‘ഞാൻ നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായാണ് അവർ പറയുന്നത്. എന്നാൽ, ഒരു സ്ത്രീ പോലും പരാതി പറയാൻ സ്വയം രംഗത്തുവന്നിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറു ദിവസംമുമ്പാണ് പരാതിക്കാർ വന്നത്.
പ്രൊസിക്യൂഷൻ വിഭാഗം അവരെ നിർബന്ധിച്ച് കൊണ്ടുവന്ന് പരാതി കൊടുപ്പിക്കുകയായിരുന്നു. പരാതിക്കാരിയെന്ന് പറയുന്നയാൾ അവരുടെ ഭർത്താവിനോടോ മക്കളോടോ ബന്ധുക്കളോടോ ആരോപിക്കപ്പെട്ട ബലാത്സംഗം സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. ചില വിഡിയോകൾ പ്രചരിപ്പിച്ചതോടെയാണ് അവർ അതേക്കുറിച്ച് പരാതിപ്പെട്ടത്.
കോടതി തീരുമാനം ഞാൻ ഉൾക്കൊള്ളുന്നു. എനിക്ക് ഒരു കുടുംബമുണ്ട്. കഴിഞ്ഞ ആറുമാസമായി ഞാനെന്റെ മാതാപിതാക്കളെ കണ്ടിട്ടില്ല. ദയവുചെയ്ത് എന്റെ ശിക്ഷ കുറക്കാൻ കോടതി കനിയണമെന്നും പ്രജ്വൽ അപേക്ഷിച്ചു. രാഷ്ട്രീയത്തിൽ ഞാൻ പെട്ടെന്ന് വളർന്നുവന്നതാണ് ഞാൻ ചെയ്ത ‘തെറ്റ്- പ്രജ്വൽ പറഞ്ഞു. പീഡന പരാതി ഉയർന്നതിനുപിന്നാലെ, ഒളിവിൽപോയ പ്രജ്വലിനെ ജർമനിയിൽനിന്ന് തിരിച്ചെത്തവെ കഴിഞ്ഞവർഷം മേയിലാണ് പൊലീസ് ബംഗളൂരു വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.