ബംഗളൂരു: കർണാടകയുടെ ആഡംബര ട്രെയിനായ ഗോൾഡൻ ചാരിയറ്റ് മുംബൈയിലേക്കും ഔറംഗാബാദിലേക്കും റൂട്ട് നീട്ടാന്‍ പദ്ധതി. അജന്ത, എല്ലോറ ഗുഹകൾ, മൈസൂരു, ഹംപി തുടങ്ങിയ നിരവധി പുതിയ സ്ഥലങ്ങൾ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അടുത്ത സാമ്പത്തിക വർഷത്തിൽ പുതിയ റൂട്ട് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. കർണാടക സംസ്ഥാന ടൂറിസം വികസന കോർപറേഷന്റെ (കെ.ടി.ഡി.സി) ഉടമസ്ഥതയിലുള്ളതും ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐ.ആർ.സി.ടി.സി) നിയന്ത്രണത്തിലുള്ളതുമാണ് ഗോൾഡൻ ചാരിയറ്റ്. അഞ്ച് രാത്രികളും ആറ് പകലും ദൈർഘ്യമുള്ള ഗോൾഡൻ ചാരിയറ്റിന്റെ യാത്രാപരിപാടിയിൽ ഗോവയെ ഉൾപ്പെടുത്താനുള്ള പദ്ധതികളും പുരോഗമിക്കുന്നതായി മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന് പറഞ്ഞു. 2008ൽ പ്രവർത്തനം ആരംഭിച്ച ഗോൾഡൻ ചാരിയറ്റ് നിലവിൽ കർണാടക, ഗോവ, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളിലേക്ക് ടൂർ പാക്കേജുകളുടെ അടിസ്ഥാനത്തിൽ വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നു. 18 കോച്ചുകളുള്ള ട്രെയിനില്‍ ആയുർവേദ സ്പാ, രണ്ട് ഡൈനിങ് റസ്റ്റാറന്റുകൾ, വ്യക്തിഗത ശുചിമുറികളുള്ള ഡീലക്സ് മരം കാബിനുകൾ, ജിം, കോൺഫറൻസ് ഹാൾ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഉണ്ട്. 44 മുറികളുള്ള ട്രെയിനിൽ 84 ആളുകള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. പ്രൈഡ് ഓഫ് കർണാടക, ജുവൽസ് ഓഫ് സൗത്ത്, ഗ്ലിംപ്സസ് ഓഫ് കർണാടക എന്നിങ്ങനെ മൂന്നു പാക്കേജുകള്‍ യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാം.
നാലു മുതൽ ഏഴ് ദിവസം വരെയാണ് യാത്രാസമയം. ‘ഗ്ലിംപ്സസ് ഓഫ് കർണാടക’ യാത്രക്ക് 2.65 ലക്ഷം രൂപ മുതലും ‘പ്രൈഡ് ഓഫ് കർണാടക’, ‘ജ്യൂവൽസ് ഓഫ് സൗത്ത്’ എന്നീ യാത്രകൾക്ക് 3.98 ലക്ഷം രൂപ വരെയുമാണ് ചെലവ്. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ക്ക് www.goldenchariot.org എന്ന വെബ്സൈറ്റ് മുഖേനയോ ഐ.ആർ.സി.ടി.സി പോലുള്ള ഏതെങ്കിലും അംഗീകൃത ട്രാവൽ ഏജന്റ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.