ബംഗളൂരു: നിയമസഭ ബജറ്റ് സമ്മേളനം തിങ്കളാഴ്ച മുതൽ. ഗംഭീരവിജയം നേടിയ കോൺഗ്രസ് സർക്കാർ അധികാരത്തിലേറി 50ൽ അധികം ദിവസങ്ങൾ പിന്നിട്ട സാഹചര്യത്തിലാണ് സമ്മേളനം തുടങ്ങുന്നത്. വിവിധ വിഷയങ്ങളുയർത്തി ബി.ജെ.പിയടക്കമുള്ള പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തും. ഇതിനാൽ പത്തുദിവസം നീളുന്ന സമ്മേളനം ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള വാദപ്രതിവാദത്തിന് വേദിയാകും. മതപരിവർത്തന നിരോധന നിയമം റദ്ദാക്കുന്ന ബിൽ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
സർക്കാർ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാതെ വൈകിപ്പിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ബില്ലിനെതിരെ ബി.ജെ.പി പ്രതിഷേധം ഉയർത്തും. തിങ്കളാഴ്ച ഉച്ചക്ക് 12ന് ഗവർണർ താവർ ചന്ദ് ഗെഹ്ലോട്ട് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. സർക്കാറിന്റെ വിവിധ നയനിലപാടുകളും പ്രവർത്തന പരിപാടികളും ഗവർണറുടെ പ്രസംഗത്തിലുണ്ടാകും.
ജൂലൈ ഏഴിനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് അവതരിപ്പിക്കുക. 3.3 ലക്ഷം കോടി മുതൽ 3.35 ലക്ഷം കോടി രൂപ വരെയുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നാണ് സൂചനകൾ. കഴിഞ്ഞ തവണത്തെ ബി.ജെ.പി സർക്കാർ 3.09 ലക്ഷം കോടിയുടെ ബജറ്റാണ് അവതരിപ്പിച്ചത്. തലസ്ഥാനമായ ബംഗളൂരുവിന്റെ വിവിധ വികസനപ്രവൃത്തികൾക്കായി ബജറ്റിൽ എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുകയെന്നതും ജനം ഉറ്റുനോക്കുന്നുണ്ട്.
ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ ബി.ജെ.പി സർക്കാറാണ് മതപരിവർത്തന നിരോധന നിയമം സംസ്ഥാനത്ത് കൊണ്ടുവന്നത്. ഏത് തരത്തിലുള്ള മതംമാറ്റവും കുറ്റമായി കണക്കാക്കുന്ന വ്യവസ്ഥകളുള്ള നിയമം ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായി പൊലീസ് പ്രയോഗിച്ചിരുന്നു. മുസ്ലിം ചെറുപ്പക്കാർക്കെതിരെയും ക്രൈസ്തവ പുരോഹിതർക്കെതിരെയും മതംമാറ്റക്കുറ്റം വ്യാപകമായി ചുമത്തി.
നിയമം പിൻവലിക്കുമെന്നത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. പാഠപുസ്തകങ്ങളിലെ കാവിവത്കരണം തിരുത്തൽ, ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾ, കാർഷിക വിപണികൾ (എ.പി.എം.സി) സംബന്ധിച്ച പുതിയ നിയമം, വിവിധ ജില്ലകളിലെ വരൾച്ച തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.