പള്ളുരുത്തി: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ പള്ളുരുത്തി ശ്മശാനം നാശത്തിന്റെ വക്കിലെന്ന് വിശ്വാസികൾ. പള്ളുരുത്തി, സമീപ പ്രദേശങ്ങളായ കുമ്പളങ്ങി, ചെല്ലാനം, തോപ്പുംപടി തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെട്ട ഹൈന്ദവ ജനവിഭാഗത്തിന്റെ മരണാന്തര ദഹന ക്രിയകൾ നടക്കുന്ന ശ്മശാനത്തിന്റെ അവസ്ഥക്കെതിരായാണ് നാട്ടുകാർ പരാതി ഉന്നയിക്കുന്നത്.
ശ്മശാനത്തിലെ നാലു ചൂളകളിൽ രണ്ടെണ്ണം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. രണ്ടു ഗ്യാസ്ചൂളകൾ പ്രവർത്തന രഹിതമായിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും പരിഹാര നടപടികൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പള്ളുരുത്തി ശ്മശാനത്തിന്റെ നവീകരണത്തിനായി പ്രതിവർഷം ലക്ഷങ്ങൾ ചെലവഴിച്ചിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റമില്ലാതെ തുടരുകയാണ് എന്നാണ് ആരോപണം.
ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 4000 രൂപയാണ് നടത്തിപ്പുകാർ വാങ്ങുന്നത് എന്നാൽ നിയമ പ്രകാരമുള്ള രശീതുകൾ നൽകാറില്ലെന്ന പരാതിയുമുണ്ട്.
മൃതദേഹ സംസ്കാരത്തിനുള്ള കാലതാമസം ഒഴിവാക്കാൻ ശ്മശാനത്തിൽ തന്നെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ചൂളകൾ സജ്ജമാക്കണമെന്നും, ശ്മശാനം നടത്തിപ്പുകാരുടെ പേരു വിവരങ്ങൾ, ഉപയോഗിക്കുന്ന വിറകുകളുടെ അളവ് വിവരം എന്നിവ എഴുതി പ്രദർശിപ്പിക്കണമെന്നും ശ്രീനാരായണ സാംസ്കാരിക യോജന സംഘം ഭാരവാഹികളായ കെ.ജി. സരസ കുമാർ, സി.ജി പ്രതാപൻ, സി.ജി.സുരേഷ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.