മന്ത്രി ജോർജ്
ബംഗളൂരു: കർണാടകയിൽ ഒരു സാഹചര്യത്തിലും വേനൽക്കാല ലോഡ് ഷെഡിങ് ഉണ്ടാവില്ലെന്ന് ഊർജ മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. വേനൽക്കാലത്ത് 19,000 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യകത നിറവേറ്റാൻ ഊർജ വകുപ്പ് സജ്ജമാണ്.
എല്ലാ വൈദ്യുതി വിതരണ കമ്പനികളുടെയും ചെയർമാൻമാരുടെയും ഊർജ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷത വഹിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി ജോർജ്. കർഷകരുടെ ജലസേചന പമ്പ്സെറ്റുകൾക്ക് ഏഴ് മണിക്കൂർ വൈദ്യുതിയും മറ്റ് ആവശ്യങ്ങൾക്ക് 24 മണിക്കൂർ വൈദ്യുതിയും നൽകുമെന്ന വാഗ്ദാനം നിറവേറ്റുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായ വൈദ്യുതി ലഭ്യമാണ്. പ്രാദേശികതലത്തിൽ വൈദ്യുതി മുടക്കത്തിന് കാരണമായേക്കാവുന്ന സാങ്കേതിക തകരാറുകൾ ഒഴികെ, ഒരു സാഹചര്യത്തിലും ലോഡ് ഷെഡിങ് എന്ന ചോദ്യം ഉയർന്നുവരില്ല. സംസ്ഥാനം കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ സൂചനയാണ് ഊർജ ഉൽപാദനത്തിലെ വർധനയെന്ന് മന്ത്രി ജോർജ് അവകാശപ്പെട്ടു.
സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം ആവശ്യകതയേക്കാൾ കൂടുതലാണെങ്കിലും അത് സംഭരിക്കാൻ സൗകര്യമില്ല. അതിനാൽ, തുമകുരു ജില്ലയിലെ പാവഗഡയിൽ 2,000 മെഗാവാട്ട് സംഭരണ ശേഷിയുള്ള ശരാവതി പമ്പ്ഡ് സ്റ്റോറേജ്, 1600 മെഗാവാട്ട് വരാഹി പമ്പ്ഡ് സ്റ്റോറേജ്, 1000 മെഗാവാട്ട് ബാറ്ററി സ്റ്റോറേജ് പദ്ധതി എന്നിവ നടപ്പാക്കാൻ തീരുമാനിച്ചു. വൈദ്യുതി വിതരണത്തിൽ ഒരു ക്ഷാമവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും.ഫെബ്രുവരി 27 വരെ കർണാടക പവർ കോർപറേഷൻ ലിമിറ്റഡിന്റെ (കെ.പി.സി.എൽ) തെർമൽ പവർ പ്ലാന്റിൽനിന്ന് ആകെ 3300 മെഗാവാട്ട് വൈദ്യുതിയും ഹൈഡൽ പവർ യൂനിറ്റുകളിൽനിന്ന് 2000 മെഗാവാട്ട് വൈദ്യുതിയും ഉൽപാദിപ്പിച്ചു. ഉഡുപ്പി പവർ കോർപറേഷൻ ലിമിറ്റഡിൽ (യു.പി.സി.എൽ) 1260 മെഗാവാട്ട് വൈദ്യുതിയും സൗരോർജത്തിൽനിന്ന് 6665 മെഗാവാട്ട് വൈദ്യുതിയും കാറ്റിൽനിന്ന് 1940 മെഗാവാട്ട് വൈദ്യുതിയും ഉൽപാദിപ്പിച്ചു.സെൻട്രൽ ജനറേറ്റിങ് സ്റ്റേഷനുകളിൽനിന്ന് 6183 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയും സെൻട്രൽ ഗ്രിഡിൽനിന്ന് 600 മെഗാവാട്ട് വൈദ്യുതി വാങ്ങുകയും ചെയ്തു. ഊർജ കൈമാറ്റ സമ്പ്രദാത്തിന് കീഴിൽ പഞ്ചാബിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും 700 മെഗാവാട്ട് വൈദ്യുതി ലഭിച്ചു.
വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി കുഡ്ഗിയിൽനിന്ന് 310 മെഗാവാട്ട് വൈദ്യുതി വാങ്ങി. അധിക വൈദ്യുതി ആവശ്യമുണ്ടാകുമ്പോൾ, ഉത്തർപ്രദേശിൽ നിന്ന് 100 മെഗാവാട്ട് മുതൽ 1275 മെഗാവാട്ട് വരെയും പഞ്ചാബിൽനിന്ന് 300 മെഗാവാട്ട് വരെയും വൈദ്യുതി വാങ്ങും. ജൂൺ ആദ്യ ആഴ്ച വരെ പ്രതിദിനം 1000 മെഗാവാട്ട് വൈദ്യുതി വാങ്ങുമെന്ന് മന്ത്രി ജോർജ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.