റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഇ. ശ്രീധരനും ചർച്ചയിൽ
ബംഗളൂരു: കർണാടക, കേരള സംസ്ഥാനങ്ങളെ വയനാട്, ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രം വഴി ബന്ധിപ്പിക്കുന്ന വിവാദമായ നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ ലൈൻ പദ്ധതി പുനരുജ്ജീവന പാതയിലെന്ന് സൂചന. ഡൽഹി മെട്രോ റെയിൽ കോർപറേഷൻ മുൻ മാനേജിങ് ഡയറക്ടർ ഇ. ശ്രീധരൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഡൽഹിയിൽ സന്ദർശിച്ച് പദ്ധതി സംബന്ധിച്ച് വിശദ ചർച്ച നടത്തി. കേരളത്തിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ശ്രീധരൻ നിരവധി നിർദേശങ്ങൾ നൽകിയതായി മന്ത്രി എക്‌സിൽ കുറിച്ചു.
കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രാസമയം നിലവിലെ 11 മണിക്കൂറിൽനിന്ന് ഏഴായി കുറക്കുന്നതാണ് പദ്ധതി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിലമ്പൂർ -നഞ്ചൻകോട് റെയിൽവേ പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലമ്പൂർ-നഞ്ചൻകോട് പാതയുടെ അന്തിമ റിപ്പോർട്ട് തയാറാക്കുന്നതിനായി കേരള സർക്കാറും ദക്ഷിണ റെയിൽവേയും വ്യോമ സർവേ നടത്തിയതിനെത്തുടർന്ന് 2024 ജനുവരിയിൽ മൈസൂരുവിൽ ‘സേവ് ബന്ദിപ്പൂർ’പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് പദ്ധതിക്ക് റെഡ് സിഗ്നൽ കണ്ടത്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയാണ് നിർദിഷ്ട അലൈൻമെന്റ് കടന്നുപോകുന്നതിനാൽ പരിസ്ഥിതി പ്രവർത്തകർ പദ്ധതിയെ ശക്തമായി എതിർത്തു.
ബന്ദിപ്പൂർ, നാഗർഹോള വഴിയുള്ള റെയിൽവേ ലൈൻ നിർമാണമോ രാത്രി ഗതാഗതം തുറക്കുന്നതോ കർണാടകയിലെ ജനങ്ങൾക്ക് ഗുണം ചെയ്യില്ലെന്ന് അവർ വാദിച്ചു. പകരം അത്തരം സംരംഭങ്ങൾ ദുർബലമായ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുമെന്നും പരിസ്ഥിതി ലോല മേഖലകളിലെ സസ്യജന്തുജാലങ്ങൾക്ക് ഭീഷണിയാകുമെന്നും മുന്നറിയിപ്പും നൽകി. വന്യജീവി ആവാസവ്യവസ്ഥയുടെ തകർച്ച, മൃഗങ്ങളുടെ മരണ സാധ്യത വർധിക്കൽ, ബന്ദിപ്പൂരിലെ ലോലമായ ആവാസവ്യവസ്ഥയുടെ മൊത്തത്തിലുള്ള തകർച്ച എന്നിവയെക്കുറിച്ചുള്ള ആശങ്ക ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടനകൾ നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ ലൈനിനെ നിരന്തരം എതിർത്തിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ നിലമ്പൂർ റോഡ്, കർണാടകയിൽ മൈസൂർ ജില്ലയിലെ നഞ്ചൻകോട് എന്നിവ തമ്മിൽ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി വഴി ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട പാത. ഈ പാത യാഥാർഥ്യമായാൽ കൊങ്കൺ വഴി ഗതാഗത തടസ്സമുണ്ടാകുമ്പോൾ തീവണ്ടികൾ ഇതുവഴി തിരിച്ചുവിടാം. 2001-2002ൽ ഇതിന്റെ ആദ്യ സർവേ പൂർത്തിയാക്കുകയും 2007-2008ൽ പുതുക്കിയ സർവേ റിപ്പോർട്ട് ഇന്ത്യൻ റെയിൽവേ ബോർഡിന് സമർപ്പിക്കുകയും ചെയ്തിരുന്നു. 2010 മേയ് 18ന് കേന്ദ്ര ആസൂത്രണ കമീഷൻ പദ്ധതിക്ക് അനുമതി നൽകുകയും ചെയ്തു. 2016ലെ റെയിൽവേ ബജറ്റിൽ ഈ പാതക്ക് അംഗീകാരം നൽകുകയും നിർമാണച്ചെലവിന്റെ പകുതി തുക റെയിൽവേയും പകുതി സംസ്ഥാന സർക്കാറും വഹിക്കാമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. നിലമ്പൂർ, കക്കാടംപൊയിൽ, തിരുവമ്പാടി, ആനക്കാംപൊയിൽ, മേപ്പാടി, കൽപറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപേട്ട്, നഞ്ചൻകോട് വഴി മൈസൂരിൽ എത്തുന്നതാണ് പാത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.