ബംഗളൂരു: നഗരത്തിൽ പുതുവത്സരാഘോഷം ലക്ഷ്യമിട്ട് സൂക്ഷിച്ചതെന്ന് കരുതുന്ന വൻ മയക്കുമരുന്ന് ശേഖരം പൊലീസ് പിടികൂടി. 11.64 കിലോഗ്രാം എം.ഡി.എം.എ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോഗ്രാം മയക്കുമരുന്ന് നിർമാണ അസംസ്കൃത വസ്തുക്കളുമാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ ആന്റി നാർകോട്ടിക്സ് വിഭാഗം പിടികൂടിയത്. ഇവക്ക് മൊത്തം 23.74 കോടി രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.സാത്തനൂർ മെയിൻ റോഡിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. മയക്കുമരുന്ന് സൂക്ഷിച്ച നൈജീരിയൻ പൗരൻ ഇജികെ സെഗ്വുവിനെ (42) പൊലീസ് അറസ്റ്റ്ചെയ്തു.
വീട് വാടകക്കെടുത്ത് താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. കർണാടകയുടെ വിവിധ ഭാഗങ്ങളിലും ചെന്നൈയിലും ഹൈദരാബാദിലും ഇയാൾ മയക്കുമരുന്ന് വിതരണംചെയ്തുവരുകയായിരുന്നു.പുതുവത്സരാഘോഷത്തിന് യുവാക്കളും വിദ്യാർഥികളും സംഘടിപ്പിക്കുന്ന പാർട്ടികൾ ലക്ഷ്യമിട്ട് സൂക്ഷിച്ചുവെച്ചിരുന്നതാണ് മയക്കുമരുന്ന്.
ഡൽഹിയിൽനിന്നാണ് എത്തിച്ചിരുന്നത്. 2017ൽ നൈജീരിയയിൽനിന്ന് ശ്രീലങ്ക വഴി ബിസിനസ് വിസയുമായാണ് ഇയാൾ ഇന്ത്യയിലെത്തിയത്. വിസയുടെ കാലാവധി കഴിഞ്ഞും അനധികൃതമായി ബംഗളൂരുവിൽ താമസിക്കുകയായിരുന്നു. 2019ൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി ജയിലിൽ കിടന്നശേഷം വീണ്ടും തുടങ്ങി. 2020ൽ മറ്റൊരു മയക്കുമരുന്നു കേസിൽ ഉൾപ്പെട്ടു. രേഖകളില്ലാതെ അനധികൃതമായി താമസിക്കുന്നതിനുള്ള കേസിലെ വകുപ്പുകളും അന്ന് ഉൾപ്പെടുത്തിയിരുന്നു. വീട് വാടക്ക് കൊടുക്കുമ്പോൾ സ്വീകരിക്കേണ്ട നിയമനടപടികൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയതിന് ഇയാൾ താമസിച്ചുവന്ന വാടകവീടിന്റെ ഉടമയുടെ പേരിലും നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.