ബംഗളൂരു: 2019 ഏപ്രില്‍ ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങൾക്ക് പുതിയ നമ്പർ പ്ലേറ്റ് നിർബന്ധമാക്കി കർണാടക ഗതാഗത വകുപ്പ്. നവംബര്‍ 17നകം പുതിയ നമ്പർ പ്ലേറ്റുകൾ വെക്കണമെന്നാണ് നിർദേശം. എല്ലാ വാഹനങ്ങള്‍ക്കും നവംബര്‍ 17 മുതല്‍ ഹൈ-സെക്യൂരിറ്റി രജിസ്ട്രേഷന് പ്ലേറ്റുകള്‍ (എച്ച്.എസ്.ആർ.പി) ഉണ്ടായിരിക്കണമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. നിർദേശം ലംഘിക്കുന്ന വാഹന ഉടമകളിൽനിന്ന് 500 രൂപ മുതല്‍ 1000 രൂപ വരെ പിഴയീടാക്കും.
ഹൈ-സെക്യൂരിറ്റി രജിസ്ട്രേഷന് പ്ലേറ്റുകള്‍ക്ക് സ്ഥിരമായ ഐഡന്റിഫിക്കേഷന്‍ നമ്പറും ക്രോമിയം അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാമും ഉള്‍പ്പെടെയുള്ള സവിശേഷതകള്‍ ഉണ്ട്. ഇക്കാരണത്താല്‍ നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രിമം കാണിക്കാനാവില്ല. 2019 ഏപ്രില്‍ ഒന്നിന് മുമ്പ് ഏകദേശം 1.75 കോടി മുതല്‍ രണ്ടു കോടി വരെ വാഹനങ്ങള്‍ കർണാടകയിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.
ഹൈ-സെക്യൂരിറ്റി രജിസ്ട്രേഷന് പ്ലേറ്റുകള്‍ക്ക് വില പരിധി നിശ്ചയിച്ചിട്ടില്ല. ഇരുചക്രവാഹനങ്ങള്‍ക്ക് 250 മുതല്‍ 300 രൂപ വരെയും ഫോര്‍ വീലറുകള്‍ക്ക് ഏകദേശം 400 മുതല്‍ 500 രൂപ വരെ ചെലവ് വന്നേക്കും. 12 സംസ്ഥാനങ്ങളില്‍ ഈ നിയമം നിലവിലുണ്ട്. വാഹനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമാണ് എച്ച്.എസ്.ആർ.പികൾ നടപ്പാക്കുന്നത്.
റോഡിലെ എല്ലാ വാഹനങ്ങളെയും തിരിച്ചറിയാന്‍ ഇത്തരം നമ്പർ പ്ലേറ്റുകൾ സഹായിക്കും. ഇവ ഇന്‍സ്റ്റാള്‍ ചെയ്യുന്ന അംഗീകൃത ഡീലര്‍മാരും നിർമാതാക്കളും വാഹന്‍ പോര്‍ട്ടലില്‍ ലേസര്‍ കോഡിങ് അപ്ഡേറ്റ് ചെയ്യണം. രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ (ഗതാഗത വാഹനങ്ങള്‍ക്ക്), അല്ലെങ്കില്‍ റോഡ് ടാക്സ് കാലഹരണപ്പെട്ട വാഹനങ്ങള്‍ എന്നിവക്ക് ഇത്തരം നമ്പർ പ്ലേറ്റ് അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.