ബംഗളൂരു: നഗരത്തിലെ ഓട്ടോത്തൊഴിലാളി യൂനിയൻ ആരംഭിച്ച ‘നമ്മ യാത്രി’ ആപ് വൻഹിറ്റ്. ഓൺലൈൻ ടാക്സി കമ്പനികളായ ഒല, ഉബർ എന്നിവക്ക് പകരമായാണ് നമ്മ യാത്രി രംഗത്തുവന്നത്. നവംബർ ഒന്നിനാണ് ആപ് പ്രവർത്തനം തുടങ്ങിയത്. മൊബൈൽ ആപ് നിലവിൽ വന്ന് നാലുമാസം കൊണ്ട് 5.6 കോടി രൂപ വരുമാനം ലഭിച്ചതായി യൂനിയൻ ഭാരവാഹികൾ അറിയിച്ചു. നിലവിൽ സർക്കാർ നിശ്ചയിച്ച മിനിമം നിരക്കായ 30 രൂപക്ക് പുറമേ പത്തു രൂപ ബുക്കിങ് ചാർജും ഈടാക്കുന്നുണ്ട്. രണ്ടുകിലോമീറ്റർ യാത്രക്ക് 40 രൂപയാണ് ചെലവ്.
നിലവിൽ 41,112 ഡ്രൈവർമാരും 3,35,653 യാത്രക്കാരും ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹാദേവപുര, ബ്യാട്രായനപുര, രാജരാജേശ്വരിനഗർ, ബംഗളൂരു സൗത്ത്, ബൊമ്മനഹള്ളി എന്നിവിടങ്ങളിലാണ് കൂടുതൽ പേർ ആപ് ഉപയോഗിക്കുന്നത്. ബംഗളൂരുവിൽ ദിവസം ശരാശരി 9,000 ട്രിപ്പുകൾ പൂർത്തിയാക്കുന്നുണ്ട്. ഇടനിലക്കാരില്ലാതെ കൂടുതൽ പണം ഡ്രൈവർമാർക്ക് ലഭിക്കുമെന്നതാണ് നമ്മ യാത്രി ആപ്പിന്റെ മെച്ചം. ബംഗളൂരുവിലെ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂനിയനാണ് (എ.ആർ.ഡി.യു.) ആപ്പ് ഇറക്കിയത്. ഓൺലൈൻ ടാക്സി കമ്പനികളായ ഒല, ഉബർ, റാപ്പിഡോ എന്നിവ അമിത നിരക്ക് ഈടാക്കുന്നുവെന്നും ഡ്രൈവർമാരെ ചൂഷണം ചെയ്യുന്നുവെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് സ്വന്തമായി മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങാൻ യൂനിയൻ തീരുമാനിച്ചത്. ഇൻഫോസിസ് സഹ സ്ഥാപകൻ നന്ദൻ നിലേകനിയുടെ കീഴിലുള്ള സ്ഥാപനമാണ് ‘നമ്മ യാത്രി’ ആപ് നിർമിച്ചത്. സേവനത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നുണ്ടെന്നും ലഭ്യമായ ഡ്രൈവർമാരുടെ എണ്ണവും നഗരത്തിൽ ഏറ്റവും കൂടുതൽ ട്രിപ്പുകൾ പോകുന്ന സ്ഥലവുമെല്ലാം ആപ്പിൽ കാണാൻ സാധിക്കുമെന്നും യൂനിയൻ നേതാവ് രുദ്രമൂർത്തി പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആപ്പിന് രൂപം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.