ബംഗളൂരു: കർണാടകയിൽ 15 ശതമാനം ബസ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ബംഗളൂരു നഗരത്തിലെ പ്രധാന പൊതുഗതാഗത സംവിധാനമായ നമ്മ മെട്രോയിലും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നു. നിരക്കിൽ 42 ശതമാനംവരെ വർധനക്ക് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) ബോർഡ് അംഗീകാരം നൽകി. വെള്ളിയാഴ്ച നടന്ന നിരക്ക് നിർണയ കമ്മിറ്റി യോഗം മെട്രോ ചാർജ് വർധിപ്പിക്കാൻ ശിപാർശ ചെയ്തിരുന്നു. ശനിയാഴ്ച ചേർന്ന ബി.എം.ആർ.സി.എൽ ബോർഡ് യോഗം ഈ ശിപാർശ അംഗീകരിക്കുകയായിരുന്നു.
ഏഴ് വർഷത്തിനിടെ ആദ്യമായാണ് മെട്രോ നിരക്കിൽ പരിഷ്കരണം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. ശനിയാഴ്ച ബി.എം.ആർ.സി.എൽ വാർത്തസമ്മേളനം വിളിച്ചിരുന്നെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. നിലവിൽ, നമ്മ മെട്രോയിൽ ഏറ്റവും കുറഞ്ഞ നിരക്ക് 10 രൂപയും പരമാവധി നിരക്ക് 65 രൂപയുമാണ്. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ പരമാവധി നിരക്ക് 90 രൂപയായി ഉയർന്നേക്കും. പക്ഷേ, മിനിമം നിരക്ക് 10 രൂപയായിതന്നെ തുടർന്നേക്കുമെന്നും സൂചനയുണ്ട്. നിരക്ക് വർധന ഈ മാസം നടപ്പിലാക്കാനാണ് ബി.എം.ആർ.സി.എൽ അധികൃതരുടെ ശ്രമം. മെട്രോ പ്രവർത്തനച്ചെലവ് വർധിച്ചതാണ് നിരക്ക് വർധനക്ക് നിർബന്ധമാക്കിയതെന്ന് മെട്രോ അധികൃതർ പറയുന്നു. മെട്രോ ശൃംഖലയുടെ വിപുലീകരണം, ഉയർന്ന പ്രവർത്തന ചെലവ് എന്നിവക്കായി നിരക്ക് വർധന അനിവാര്യമാണെന്ന് നിരക്ക് നിർണയ കമ്മിറ്റിയുടെ റിപ്പോട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം പരിശോധിച്ച ബോർഡ്, കമ്മിറ്റിയുടെ നിർദേശം അംഗീകരിക്കുകയായിരുന്നു.
തിരക്കുകൂടിയ സമയങ്ങളിലും തിരക്ക് കുറഞ്ഞ സമയങ്ങളിലും വ്യത്യസ്ത ചാർജ് ഈടാക്കിയേക്കുമെന്നാണ് വിവരം. അതനുസരിച്ച് ഉച്ചക്ക് 12 മുതൽ വൈകുന്നേരം നാലുവരെ ഒരു നിരക്കും വൈകുന്നേരം നാലുമുതൽ അവസാന മെട്രോ സർവിസ് വരെ മറ്റൊരു നിരക്കും നിശ്ചയിച്ചേക്കും. പുതിയ നിരക്ക് ഘടനയും സമയക്രമവും സംബന്ധിച്ച് വൈകാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.