ബംഗളൂരു: മൈസൂരു സിറ്റി കോർപറേഷനിൽ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. കോൺഗ്രസ്, ജെ.ഡി-എസ്, ബി.ജെ.പി എന്നീ പാർട്ടികൾ രംഗത്തുള്ള തെരഞ്ഞെടുപ്പിൽ പുറമേക്ക് സഖ്യമില്ലെങ്കിലും ജെ.ഡി-എസും ബി.ജെ.പിയും കൈകോർത്ത് ഇരു പദവികളും പങ്കിട്ടെടുക്കുമെന്നാണ് വിവരം. മേയർ പദവി ഇത്തവണ ജനറൽ വിഭാഗത്തിലും ഡെപ്യൂട്ടി മേയർ പദവി പിന്നാക്ക വിഭാഗം വനിതക്കുമാണ് സംവരണം ചെയ്തിട്ടുള്ളത്.
ഒരു പാർട്ടിയുമായും സഖ്യം വേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനമെന്ന് തൻവീർ സേട്ട് എം.എൽ.എ തിങ്കളാഴ്ച മൈസൂരുവിൽ പറഞ്ഞു. നേതൃത്വം പറഞ്ഞതിനാൽ തങ്ങളാരുമായും സഖ്യത്തിലേർപ്പെടില്ല. നേതൃത്വത്തിന്റെ നിർദേശം പാലിക്കും. കോൺഗ്രസിന് 24ഉം ബി.ജെപിക്ക് 26ഉം ജെ.ഡി-എസിന് 20ഉം ബി.എസ്.പിക്ക് ഒരു വോട്ടും വീതമാണുള്ളത്. അഞ്ചു സ്വതന്ത്രരടക്കം 65 അംഗങ്ങളാണ് ആകെയുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ വോട്ടിന്റെ എണ്ണം നിർണായകമാണ്. എന്തുസംഭവിക്കുമെന്ന് പറയാനാവില്ല -തൻവീർ സേട്ട് പറഞ്ഞു.
ബി.ജെ.പിയുമൊത്തുള്ള നീക്കത്തിലൂടെ ഇത്തവണ മേയർസ്ഥാനം കൈക്കലാക്കാനാണ് ജെ.ഡി-എസ് ശ്രമം. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിലെ വാക്കുകൾ ബി.ജെ.പി മറക്കരുതെന്നും ഇത്തവണ അവർ ജെ.ഡി-എസിനെ പിന്തുണക്കണമെന്നും ജെ.ഡി-എസ് എം.എൽ.സി സി.എൻ. മഞ്ജെ ഗൗഡ പറഞ്ഞു. എന്നാൽ, സ്വതന്ത്രമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങളോട് നേതാക്കൾ ആവശ്യപ്പെട്ടതായി ബി.ജെ.പി സിറ്റി യൂനിറ്റ് പ്രസിഡന്റ് ടി.എസ്. ശ്രീവത്സ പറഞ്ഞു. 2023ലെ നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് തങ്ങള്‍ സ്വതന്ത്രനായി മത്സരിക്കും. മേയര്‍ സ്ഥാനത്തേക്ക് എട്ടുപേരും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ആറുപേരും സ്ഥാനാർഥികളായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.