ബംഗളൂരു: മൈസൂരു-കുശാൽനഗർ ഹൈവേ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തിയുടെ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മൈസൂരു-കുടക് എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ പറഞ്ഞു. പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയെ എം.പി ന്യൂഡൽഹിയിൽ സന്ദർശിച്ച് നിവേദനം കൈമാറി. നിലവിലുള്ള ദേശീയ പാത 275ൽ 92 കിലോമീറ്റർ വരുന്ന ഭാഗത്തിന്റെ വികസന പ്രവർത്തനമാണ് മൈസൂരു- കുശാൽനഗർ ഹൈവേ പദ്ധതി. ടൂറിസ്റ്റ് മേഖലകളായ മൈസൂരുവിനെയും കുടകിനെയും ബന്ധിപ്പിക്കുന്ന പദ്ധതി ടൂറിസത്തിന് പുറമെ, വടക്കൻ കേരളത്തിലേക്കുള്ള യാത്രക്കും ചരക്കു നീക്കത്തിനും ഏറെ ഉപകാരപ്രദമാവുമെന്ന് കണക്കുകൂട്ടുന്നു. മൈസൂർ- മടിക്കേരി സാമ്പത്തിക ഇടനാഴി പദ്ധതിയുടെ ഭാഗം കൂടിയാണിത്.
ആകെ 92 കിലോമീറ്ററാണ് പദ്ധതിയിലുൾപ്പെടുന്നത്. നിലവിലുള്ള പാത നാലു ലൈനാക്കി വികസിപ്പിക്കുകയാണ് ലക്ഷ്യം. എന്നാൽ, ഇതിൽ കുശാൽ നഗർ മുതൽ മടിക്കേരി വരെയുള്ള 22 കിലോമീറ്റർ പരിസ്ഥിതി ലോല പ്രദേശത്തിലൂടെയാണ് കടന്നുപോകുന്നത് എന്നതിനാൽ ഈ സ്ട്രെച്ചിൽ വികസന പ്രവൃത്തി അനുവദിക്കുന്നത് പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കൂർഗ് വൈൽഡ് ലൈഫ് സൊസൈറ്റിയടക്കമുള്ള പരിസ്ഥിതി പ്രവർത്തകർ രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് നിയമപോരാട്ടം നടക്കുന്നതിനാൽ നിലവിൽ കുശാൽനഗർ വരെയേ പ്രവൃത്തി നടക്കൂ.
പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തികൾ 2023 ജൂലൈ 19ന് ആണ് ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ രണ്ട് സ്ട്രെച്ചുകളിലായാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ശ്രീരാമപട്ടണയിലെ അഗ്രഹാര മുതൽ മൈസൂരുവിലെ യെലച്ചനഹള്ളി വരെയുള്ള 19 കിലോമീറ്റർ പാതയും ഹുൻസൂരിലെ ബെൽത്തൂർ മുതൽ പെരിയപട്ടണയിലെ മല്ലരാജപട്ടണ വരെയുള്ള 24.1 കിലോമീറ്റർ പാതയുമാണ് ആദ്യഘട്ട പദ്ധതിയിൽ ഉൾപ്പെടുന്നത്. 22.70 കിലോമീറ്റർ വരുന്ന രണ്ടാം ഘട്ടത്തിലെ 14.522 കിലോമീറ്റർ ഭൂമി ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു. ബാക്കി 8.178 കിലോമീറ്റർ ഭാഗം വനമേഖലയുടെ പരിധിയിലായതിനാൽ വനം വകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ മൈസൂരുവിനും കുശാൽ നഗറിനും ഇടയിലുള്ള യാത്രാ ദൂരം കുറക്കാൻ ഹൈവേ സഹായകരമാവും. മൈസൂരുവിലെ ഗതാഗത കുരുക്ക് കുറക്കാനും ഹുൻസൂർ, പെരിയപട്ടണ, കുശാൽനഗർ, മടിക്കേരി, കുടക് വഴി വടക്കൻ കേരളത്തിലേക്ക് പോകുന്ന യാത്രക്കാർക്ക് യാത്ര സുഗമമാക്കാനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബംഗളൂരുവിൽനിന്ന് മൈസൂർവരെ എക്സ്പ്രസ് ഹൈവേ കൂടിയുള്ളതിനാൽ പദ്ധതി യാഥാർഥ്യമാവുന്നതോടെ ഫലത്തിൽ ബംഗളൂരു- മൈസൂരു- കുശാൽ നഗർ യാത്ര എളുപ്പമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.