പ്രതീകാത്മക ചിത്രം
ബംഗളൂരു: ഗദഗ് താലൂക്കിലെ ഹുയിൽഗോൾ-ഹോംബാൽ റോഡരികിൽ വനം വകുപ്പ് നട്ടുപിടിപ്പിച്ചു പരിപാലിച്ചു പോന്ന നൂറിലധികം മരങ്ങൾ കർഷകർ മുറിച്ചുമാറ്റിയതായി ആരോപണം. വനവത്കരണത്തിന്റെ ഭാഗമായി ഏകദേശം 12 വർഷങ്ങൾക്ക് മുമ്പാണ് റോഡിന്റെ ഇരുവശങ്ങളിലും തൈകൾ നട്ടുപിടിപ്പിച്ചത്.
ആർ.ആർ.പി, എൻ.ആർ.ഇ.ജി.എ പദ്ധതികൾ പ്രകാരം മൂന്ന് കിലോമീറ്റർ നീളത്തിൽ 976 തൈകളാണ് നട്ടുപിടിപ്പിച്ചത്. വനം വകുപ്പ് പതിവായി നനക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നു.
റോഡിന്റെ ഇരുവശത്തുമുള്ള നിരവധി മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട് കൂടാതെ മരത്തിന്റെ ചുവട്ടിൽ തീയിട്ടതിന്റെ ലക്ഷണങ്ങളും കാണുന്നുണ്ട്. വയലുകളിൽ മരത്തിന്റെ തണല്‍ വിളകളുടെ വളർച്ചയെ ബാധിക്കുകയും വിളവ് കുറയാന്‍ കരണമാകുകയും ചെയ്യുമെന്നതിനാല്‍ ചില കർഷകർ മരങ്ങളുടെ മുകൾ ഭാഗങ്ങൾ മുറിച്ചുമാറ്റുകയായിരുന്നുവെന്ന് വിരമിച്ച ഫോറസ്റ്റ് മോട്ടിവേറ്റർ നാഗനഗൗഡ ഹനുമന്തഗൗഡ പറഞ്ഞു.
തണൽ നൽകാനും മഴക്ക് വേണ്ടിയും വ്യക്തിപരമായി താനും നിരവധി മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നും നാശനഷ്ടങ്ങൾ വിലയിരുത്തണമെന്നും വനം വകുപ്പിനോട് അദ്ദേഹം ആവശ്യപ്പെട്ടു. വിവരങ്ങൾ റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് (ആർ.എഫ്.ഒ) കൈമാറുമെന്ന് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സോഷ്യൽ ഫോറസ്ട്രി) ചന്ദ്രഹാസ ഡി. വെർണേക്കർ പറഞ്ഞു.
ഹുയിൽഗോൾ ഗ്രാമത്തിലെ ചില കർഷകർ തങ്ങളുടെ കൃഷിഭൂമിക്ക് അസൗകര്യമുണ്ടാക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി തേടിയിട്ടുണ്ടെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസർ വീരേന്ദ്ര മാരിബസന്നവർ പറഞ്ഞു.
മരം മുറിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.