ബംഗളൂരു: ഹൈകമാൻഡിന്‍റെ നിർദേശപ്രകാരം മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രാജിവെക്കാൻ ആവശ്യപ്പെട്ടതിലൂടെ കോൺഗ്രസ് ഭരണഘടനാ പദവി തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി ആരോപിച്ചു.
മുഖ്യമന്ത്രിയെ കണ്ട് ഇദ്ദേഹം ബുധനാഴ്ച ചർച്ച നടത്തിയിരുന്നു. ശിവകുമാർ വിളിച്ച് രാജിവെക്കാൻ അഭ്യർഥിച്ചതായും ബി.ജെ.പി, ജെ.ഡി.എസ് നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് പറഞ്ഞതായും ഹൊരട്ടി വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ബുധനാഴ്ച രാത്രി അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നത്.
ചില മന്ത്രിമാരും നിയമസഭയിലെയും കൗൺസിലിലെയും അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കൗൺസിൽ ചെയർമാനെയും നിയമസഭാ സ്പീക്കറെയും തെരഞ്ഞെടുക്കുന്നത് സഭയുടെ പ്രത്യേകാവകാശമാണെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഹൈകമാൻഡിന്‍റെതല്ലെന്നും കോൺഗ്രസിന്‍റെ നീക്കത്തെ എതിർത്തുകൊണ്ട് ഹൊരട്ടിയും പ്രതിപക്ഷ പാർട്ടികളും വാദിച്ചിരുന്നു. 1956 മുതൽ ഒരു ചെയർപേഴ്‌സണെയും രാജിവെക്കാൻ നിർബന്ധിച്ചിട്ടില്ലെന്നും എല്ലാവരും കാലാവധി പൂർത്തിയാക്കിയെന്നും ചൂണ്ടിക്കാട്ടിയ ഹൊരട്ടി അദ്ദേഹത്തെ നീക്കം ചെയ്യാൻ യാതൊരു അടിസ്ഥാനവുമില്ലെന്ന് പറഞ്ഞു.
ഹൊരട്ടി രാജിവച്ചില്ലെങ്കിൽ നടപടിക്രമങ്ങൾ സ്വീകരിക്കുമെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റും എം.എൽ.സിയുമായ ബി. കെ. ഹരിപ്രസാദ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. എട്ട് തവണ എം.എൽ.സിയായ ഹൊരട്ടിയുടെ കാലാവധി 2028 ജൂലൈ വരെയാണ്. കോൺഗ്രസ് നേതൃത്വം തന്‍റെ രാജി ഉടൻ ആഗ്രഹിക്കുന്നുണ്ടെന്ന് ശിവകുമാർ തന്നോട് പറഞ്ഞതായി ഹൊരട്ടി പറഞ്ഞു. 14-ാം തീയതി രാജിവെക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അതിന് മുമ്പ് നടന്നതെല്ലാം സഭക്ക് മുന്നിൽ വിശദീകരിക്കണമെന്ന് തോന്നി. സഭ എന്ത് തീരുമാനിച്ചാലും അത് അന്തിമമായിരിക്കുമെന്നും ഹൊരട്ടി കൂട്ടിച്ചേർത്തു. ഭരണകക്ഷി സ്വീകരിച്ച നടപടിക്രമം ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമാണ്. കോണ്‍ ഗ്രസ് ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.
കർണാടക നിയമസഭയിലെ പ്രധാന സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങൾക്ക് കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകാരം നൽകിയതിന് പിന്നാലെയാണ് പുതിയ നീക്കം. നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് ജി.എസ്. പാട്ടീലിനെയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് എ.എസ്. പൊന്നണ്ണയെയും ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർപേഴ്‌സണായി സലീം അഹമ്മദിനെയും ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർപേഴ്‌സണായി ഉമാശ്രീയെയും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.