പ്രവീൺ നെട്ടാരു വധക്കേസ്; പ്രതി കൊച്ചിയിൽ അറസ്റ്റിൽ

മംഗളൂരു: ഭാരതീയ യുവമോർച്ച ദക്ഷിണ കന്നട ജില്ല കമ്മിറ്റി അംഗം പ്രവീൺ നെട്ടാരു വധക്കേസിൽ നാല് വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളിലൊരാളായ എം.ആർ.ഉമർ ഫാറൂഖിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. എൻഐഎ ഉമർ ഫാറൂഖിനെതിരെ റെഡ് കോർണർ നോട്ടീസും ജാമ്യമില്ലാ വാറണ്ടും ചുമത്തിയിരുന്നു. അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് നാല് ലക്ഷം രൂപ പാരിതോഷികവും ഏജൻസി പ്രഖ്യാപിച്ചു.

കൊലപാതകത്തിന് മുമ്പ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ഓഫീസിൽ നടന്നതായി എൻഐഎ പറയുന്ന ഗൂഢാലോചന യോഗത്തിൽ ഫാറൂഖ് പങ്കെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ ആരോപിച്ചു. ആക്രമണം നടത്താൻ അക്രമികൾ ഉപയോഗിച്ച മോട്ടോർ സൈക്കിൾ ഒരുക്കിയതിനും ഇയാൾക്കെതിരെ കുറ്റമുണ്ട്. കൊലപാതകത്തിന് ശേഷം പ്രധാന പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതായും കേസിലെ ഒരു പ്രധാന സാക്ഷിയെ വധിക്കാൻ ശ്രമിച്ചതായും എൻഐഎ ആരോപിച്ചു. കൊലപാതകത്തിന്

ശേഷം ഫാറൂഖ് കൊച്ചിയിലേക്ക് ഒളിവിൽ പോയി നിരോധിത പിഎഫ്ഐയിലെ മുതിർന്ന അംഗങ്ങളുടെ സഹായത്തോടെ നാല് വർഷത്തോളം ഒളിവിൽ കഴിഞ്ഞതായും ഏജൻസി പറഞ്ഞു. ജൂലൈ 11 ന് എൻഐഎ മറ്റ് രണ്ട് പ്രതികളായ നൗഷാദ്, നസീർ എന്നിവരെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഫാറൂഖിനെ കണ്ടെത്തിയത്. അവരെ ചോദ്യം ചെയ്ത് ശേഖരിച്ച വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ കൊച്ചിയിലെ ഫാറൂഖിന്റെ ഒളിത്താവളത്തിലേക്ക് നയിച്ചു. രണ്ട് പ്രതികൾ കൂടി ഒളിവിലാണെന്നും അവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും എൻഐഎ പറഞ്ഞു.

ദക്ഷിണ കന്നട ജില്ലയിൽ സുള്ള്യ താലൂക്കിലെ ബെല്ലാരെ സ്വദേശി പ്രവീൺ നെട്ടാരു (32) 2022 ജൂലൈ 26 ന് രാത്രി തന്റെ കോഴിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കൊല്ലപ്പെട്ടത്. മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതായാണ് കേസ്. 2022 ആഗസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം എൻ‌ഐ‌എക്ക് കൈമാറി. ഏജൻസി നിരവധി പ്രതികളെ അറസ്റ്റ് ചെയ്യുകയും ഒളിവിൽ പോയ ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയും ചെയ്തു.

2022 ജൂലൈ 19 ന് കാസർക്കോട് മൊഗ്രാൽ പുത്തൂർ ആസാദ് നഗർ സ്വദേശി ബി. മസൂദ്(18) ദക്ഷിണ കന്നടയിൽ സുള്ള്യ താലൂക്കിലെ കലഞ്ച ഗ്രാമത്തിൽ അക്രമത്തിനിരയായിരുന്നു.സുള്ള്യയിൽ മാതാവിന്റെ ബന്ധുവീട്ടിൽ താമസിച്ച് ദിവസക്കൂലി തൊഴിലാളിയായജീവിക്കുകയായിരുന്നു മസൂദ്. എട്ട് പേർ ചേർന്ന് നടത്തിയ അക്രമത്തിൽ ഗുരുതര നിലയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് ജൂലൈ 21ന് മരിച്ചു. ഈ സംഭവത്തിന്റെ തുടർച്ചയായിരുന്നു പ്രവീൺ വധം.

Tags:    
News Summary - പ്രവീൺ നെട്ടാരു വധക്കേസ്; പ്രതി കൊച്ചിയിൽ അറസ്റ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.