പാർട്ടികൾ രാഷ്ട്രീയ നേട്ടത്തിനായി ഹിന്ദുമതത്തെ ഉപയോഗിക്കുന്നു -മുഖ്യമന്ത്രി

ബംഗളൂരു: ബി.ജെ.പിക്കെതിരെ പരോക്ഷ പരാമര്‍ശവുമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. രാഷ്ട്രീയ നേട്ടത്തിനായി ചില രാഷ്ട്രീയ പാർട്ടികൾ ഹിന്ദുമതത്തെ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മതം വ്യക്തിപരമായ കാര്യമാണെന്നും ക്ഷേത്രങ്ങളുടെയോ ദൈവങ്ങളുടെയോ ഹിന്ദുക്കളുടെയോ മേൽ ഒരു കക്ഷിക്കും പ്രത്യേക ഉടമസ്ഥാവകാശവും അവകാശപ്പെടാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കർണാടക സ്റ്റേറ്റ് മുസ്‌റായ് ക്ഷേത്ര പൂജാരിമാരുടെ സംഘടനയും ജീവനക്കാരുടെ സംഘടനയും സംഘടിപ്പിച്ച സംസ്ഥാനതല കൺവെൻഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിലെ പൂജാരിമാര്‍ കോൺഗ്രസ് സർക്കാറിൽ വിശ്വാസം അർപ്പിക്കുന്നത് തുടരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിനൊപ്പം തന്നെ മതപരമായ മൂല്യങ്ങളും പാരമ്പര്യങ്ങളും സര്‍ക്കാര്‍ സംരക്ഷിച്ചു. ഒരു കാവി ഷാൾ ധരിച്ചുകൊണ്ട് എല്ലാ ക്ഷേത്രങ്ങളും എല്ലാ ദൈവങ്ങളും എല്ലാ ഹിന്ദുക്കളും നമ്മുടേതാണ് എന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. താനും രാമലിംഗ റെഡ്ഡിയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും എല്ലാവരും ഹിന്ദുക്കളാണ്.

മതം വ്യക്തിയുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. ആരും ജനിച്ച മതമോ ജാതിയോ തെരഞ്ഞെടുക്കുന്നില്ല. ജനനം, വിവാഹം മുതൽ മരണം വരെയുള്ള ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും മതപരമായ ആചാരങ്ങൾ പിന്‍ തുടരുന്നു. നമ്മുടെ പാരമ്പര്യങ്ങളും ആചാരങ്ങളും ഉപേക്ഷിച്ച് നമുക്ക് ജീവിക്കാൻ കഴിയില്ല. മുൻ സർക്കാറുകളൊന്നും സമാനമായ പ്രതിബദ്ധതയോടെ മതസ്ഥാപനങ്ങളെ സേവിച്ചിട്ടില്ലെന്ന് ശിവകുമാർ അവകാശപ്പെട്ടു.

മുസ്‌റായ് മന്ത്രി രാമലിംഗ റെഡ്ഡിയിൽ മാത്രമല്ല സർക്കാറിലും പുരോഹിതന്മാർ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട്. മുസ്രായി വകുപ്പാണ് ഏകദേശം 34,000 ക്ഷേത്രങ്ങൾ ഭരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയ ശിവകുമാർ ദൈവത്തിനും ഭക്തർക്കും ഇടയിലുള്ള പാലമായാണ് പുരോഹിതന്മാരെ വിശേഷിപ്പിച്ചത്. സംസ്ഥാനത്ത് ഹിന്ദു മത സ്ഥാപനങ്ങൾക്കായി ഒരു മുസ്രായി വകുപ്പും ന്യൂനപക്ഷ സമുദായങ്ങൾക്കായി ഒരു ന്യൂനപക്ഷ വികസന വകുപ്പും ഉണ്ടെന്ന് എല്ലാ വിശ്വാസങ്ങളോടും സർക്കാറിന്‍റെ സമീപനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. ആളുകൾക്ക് അവരുടെ മതം പിന്തുടരാനോ മറാനോ സ്വാതന്ത്ര്യമുണ്ട്.

സർക്കാറിന്‍റെ ക്ഷേമ പദ്ധതികളുടെ അംബാസഡർമാരാകാൻ പുരോഹിതന്മാരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ജനങ്ങളെ സേവിക്കുന്നത് ദൈവസേവനമാണെന്നും മനുഷ്യവർഗത്തെ സേവിക്കുന്നത് ദൈവസേവനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - പാർട്ടികൾ രാഷ്ട്രീയ നേട്ടത്തിനായി ഹിന്ദുമതത്തെ ഉപയോഗിക്കുന്നു -മുഖ്യമന്ത്രി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.