ബംഗളൂരു: ബംഗളൂരുവില്‍ ജനിച്ചുവളര്‍ന്ന ചിരിയങ്കണ്ടത്ത് ജോസഫ് എന്ന സി.ജെ. റോയിയുടെ ജീവിതവും വളര്‍ച്ചയും സമൂഹം എന്നും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. അമ്മയും അച്ഛനും പടുത്തുയര്‍ത്തിയ ബേക്കറി സാമ്രാജ്യത്തില്‍ നിന്നാണ് ബിസിനസ് എന്ന ആശയം കിട്ടിയതെന്ന് റോയി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലുള്ള എസ്.ബി.എസ് ബിസിനസ് സ്‌കൂളിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടിയശേഷം 1990 കളുടെ അവസാനത്തോടെ സ്വന്തമായി സംരംഭങ്ങള്‍ എന്ന ആശയത്തിലേക്ക് തിരിയുകയായിരുന്നു.
അമ്മയായിരുന്നു ഈ മേഖലയില്‍ റോയിയുടെ മാര്‍ഗദര്‍ശി. ബംഗളൂരുവിൽ താമസിച്ചിരുന്ന കാലത്ത് അമ്മ ആലീസ് ജോയ് ചെറിയതോതിൽ ഭൂമി വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്നു. ഒരേസമയം 30 മുതൽ 40 വരെ ചെറിയ പ്ലോട്ടുകൾ വാങ്ങി അവിടെ വീടുകൾ നിർമിച്ച് വിൽക്കുന്നതായിരുന്നു അവരുടെ രീതി.
ഈ ഇടപാടുകളുടെ കണക്കുകൾ കൈകാര്യം ചെയ്യാൻ സ്കൂൾ വിദ്യാര്‍ഥിയായിരുന്ന റോയിക്കും അവസരം ഉണ്ടായിരുന്നു. ഭൂമി ഇടപാടുകൾ എങ്ങനെ നടക്കുന്നു, സാമ്പത്തിക ഇടപാടുകള്‍ എങ്ങനെ നിയന്ത്രിക്കണം എന്നതിനെക്കുറിച്ചുള്ള ബാലപാഠങ്ങൾ അദ്ദേഹം പഠിച്ചെടുത്തു. ബംഗളൂരു നഗരത്തിന് പുറത്തുള്ള സ്ഥലങ്ങളിൽ ഭാവിയിൽ വലിയ വികസനം വരുമെന്ന ദീര്‍ഘവീക്ഷണത്തിന്‍റെ പിന്‍ബലത്തിലാണ് അമ്മ ഭൂമി വാങ്ങിയിരുന്നത് . ഈ രീതിയാണ് പിൽക്കാലത്ത് ബംഗളൂരു സർജാപൂർ റോഡിലെ മുന്നൂറിലധികം ഏക്കർ ഭൂമി വാങ്ങാൻ റോയിക്ക് ധൈര്യം നൽകിയത്.
അന്ന് പലരും തടഞ്ഞിട്ടും അമ്മയുടെ ബിസിനസ് പാടവത്തില്‍ വിശ്വസിച്ച റോയ് എടുത്ത ഉറച്ച തീരുമാനം ഒരു ബിസിനസ് സാമ്രാജ്യത്തിന്‍റെ പിറവിക്ക് കളമൊരുക്കുകയായിരുന്നു. ഔദ്യോഗിക ജീവിതത്തിന്‍റെ തുടക്കത്തിൽ ആഗോള സാങ്കേതിക രംഗത്തെ പ്രമുഖരായ ഹ്യൂലറ്റ്-പാക്കാർഡിനൊപ്പം റോയ് ജോലി ചെയ്തിരുന്നു.
ഇത് ബിസിനസിനെക്കുറിച്ച് ആഴത്തിലുള്ള അറിവ് പകരാന്‍ സാധിച്ചു. ബിസിനസിലെ തന്ത്രങ്ങള്‍ മനസ്സിലാക്കിയ റോയി തന്‍റെ ശ്രദ്ധ മുഴുവന്‍ റിയൽ എസ്റ്റേറ്റിലേക്ക് തിരിച്ചു. 2000 കാലഘട്ടത്തിന്‍റെ തുടക്കത്തിൽ ബംഗളൂരുവിന്‍റെ റിയൽ എസ്റ്റേറ്റ് ശ്രദ്ധ നഗരകേന്ദ്രത്തിൽ കേന്ദ്രീകരിച്ചിരുന്നപ്പോഴാണ് റോയിയുടെ നിർണായക തീരുമാനം വന്നത്. 2001-2004 ൽ, അദ്ദേഹം സർജാപൂരിൽ ഭൂമി ഏറ്റെടുക്കാൻ തുടങ്ങി. അന്ന് അത് പ്രധാനമായും കാർഷിക മേഖലയായിരുന്നു. വില ഏക്കറിന് ആറുലക്ഷം വരെയായിരുന്നു.
കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ എതിര്‍ത്തിട്ടും റോയി തീരുമാനം മാറ്റാന്‍ തയാറായില്ല. ഇത് അന്ന് വന്‍ വിവാദത്തിനും തിരികൊളുത്തിയിരുന്നു. തുടര്‍ന്ന് 2006ലാണ് കോൺഫിഡന്‍റ് ഗ്രൂപ്പ് എന്ന സ്ഥപനത്തിന്‍റെ ജനനം.
ക്രമേണ കമ്പനി ബംഗളൂരു, കൊച്ചി, മറ്റ് ഇന്ത്യൻ നഗരങ്ങൾ, മിഡിൽ ഈസ്റ്റിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രധാന റിയൽ എസ്റ്റേറ്റ് ഡെവലപ്പറായി വളർന്നു. തുടർന്ന് അദ്ദേഹം തന്‍റെ ബിസിനസ് ശൃംഖല ഹോട്ടലുകൾ, റിസോർട്ടുകൾ വിദ്യാഭ്യാസം, വിനോദം എന്നിവയിലേക്ക് വ്യാപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.