ദിഗന്ത്
മംഗളൂരു: ദുരൂഹ സാഹചര്യത്തിൽ കാണാതായ ഫറങ്കിപേട്ടയിലെ കിഡെബെട്ടുവിൽനിന്നുള്ള പ്രിയ യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥി ദിഗന്തിനെ പന്ത്രണ്ടാം നാൾ ശനിയാഴ്ച ഉഡുപ്പിയിൽ കണ്ടെത്തി. തിരോധാനം ഉയർത്തി ബി.ജെ.പിയും തീവ്ര ഹിന്ദുത്വ സംഘടനകളും പ്രക്ഷോഭം നടത്തുകയും മംഗളൂരു എം.എൽ.എ സ്പീക്കർ യു.ടി.ഖാദർ പ്രശ്നം നടപ്പ് നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കുകയും ചെയ്തിരുന്നു.
കേസ് സംസ്ഥാന സർക്കാറും പൊലീസ് വകുപ്പും ഗൗരവമായി എടുത്തതിനാൽ വിപുലമായ തിരച്ചിലാണ് നടത്തിയത്. ജില്ലാ സായുധ റിസർവിലെ (ഡി.എ.ആർ) 30 ഉദ്യോഗസ്ഥർ ഉൾപ്പെടെ 40 ലധികം ഉദ്യോഗസ്ഥർ പങ്കെടുത്തു. റെയിൽവേ പൊലീസ്, ഫയർ ഡിപ്പാർട്ട്മെന്റ്, ഫോറൻസിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ്, ഡ്രോൺ നിരീക്ഷണം എന്നിവയോടൊപ്പമായിരുന്നു തിരച്ചിൽ.മംഗളൂരു കോളജിൽ പി.യു.സി രണ്ടാം വർഷ വിദ്യാർഥിയായ ദിഗന്ത് കഴിഞ്ഞ മാസം 25ന് വൈകുന്നേരം ഒരു ക്ഷേത്രത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയിരുന്നത്. എന്നാൽ, തിരിച്ചെത്തിയില്ല. വീടിനടുത്തുള്ള റെയിൽവേ ട്രാക്കിന് സമീപം ചെരിപ്പുകളും മൊബൈൽ ഫോണും കണ്ടെത്തിയതോടെ തിരോധാനം സംബന്ധിച്ച് വിവിധ കഥകൾ പ്രചരിച്ചു.
മയക്കുമരുന്ന് ലോബി അപായപ്പെടുത്തിയതായി ആരോപിച്ച് ബി.ജെ.പി, വി.എച്ച്.പി, ബജ്റംഗ്ദൾ മംഗളൂരുവിൽ മാർച്ച് നടത്തി. തന്റെ മണ്ഡലത്തിലെ പ്രശ്നം യു.ടി. ഖാദർ നിയമസഭയിൽ ഉന്നയിച്ച് അന്വേഷണം ത്വരിതപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. ഉഡുപ്പി സിറ്റിയിലെ ഒരു ഷോപ്പിങ് മാളിൽ ബാഗുകളിൽ വസ്ത്രങ്ങൾ നിറക്കുന്നതിടെയാണ് ദിഗന്തിനടുത്തേക്ക് സംശയം തോന്നി മാൾ ജീവനക്കാർ ചെന്നത്. ചോദ്യം ചെയ്തപ്പോൾ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി. ജീവനക്കാർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.