മന്ത്രി പാട്ടീൽ, യത്നാൽ
ബംഗളൂരു: ബി.ജെ.പി വിമത എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാലിനെ വെല്ലുവിളിച്ച് വൻകിട, ഇടത്തരം വ്യവസായ മന്ത്രി ഡോ. എം.ബി. പാട്ടീൽ. യത്നാലിന് ആത്മാഭിമാനവും അന്തസ്സും ഉണ്ടെങ്കിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി സ്ഥാനാർത്ഥികളുടെ പരാജയം ഉറപ്പാക്കണമെന്ന് അദ്ദേഹം തിങ്കളാഴ്ച പറഞ്ഞു. വിജയപുര നഗരത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, യത്നാലിന്റെ നിലപാടിനെ പാട്ടീൽ ചോദ്യം ചെയ്തു. യെദിയൂരപ്പ കുടുംബത്തെയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയെയും വിമർശിച്ചിട്ടും അദ്ദേഹം പാർട്ടിയുടെ പ്രചാരണവുമായി തുടർന്നും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിജയേന്ദ്രയുടെ നേതൃത്വത്തിലാണ് ബി.ജെ.പി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
യത്നാൽ അദ്ദേഹത്തെ പിന്തുണക്കാനും സംരക്ഷിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, അങ്ങനെ ചെയ്യട്ടെ. പക്ഷേ അദ്ദേഹം എന്ത് ചെയ്താലും ഞങ്ങൾ വിജയിക്കുമെന്ന് പാട്ടീൽ പറഞ്ഞു. ദാവൻഗരെ സൗത്ത്, ബഗൽകോട്ട് ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി സ്ഥാനാർഥികൾ പരാജയപ്പെട്ടാൽ വിജയേന്ദ്ര പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയേന്ദ്ര തുടരണമെന്ന് യത്നാൽ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ? അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കണമെന്നും പാട്ടീൽ പറഞ്ഞു. യത്നാൽ ബി.ജെ.പിയിൽ വീണ്ടും ചേരാൻ ശ്രമിക്കുകയാണെന്ന് പാട്ടീൽ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുവേണ്ടി പ്രചാരണം നടത്തുന്നതിലൂടെ, നേതാക്കളുമായി സഖ്യമുണ്ടാക്കി പാർട്ടിയിലേക്ക് മടങ്ങിവരാനുള്ള അടിത്തറ പാകുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.