ബംഗളൂരു: ഗൃഹ ജ്യോതി പദ്ധതിയിൽ ഉൾപ്പെടുന്ന എല്ലാ ഗുണഭോക്താക്കളുടെയും വീടുതോറുമുള്ള ഗുണഭോക്തൃ പരിശോധനാ പ്രക്രിയ ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി വൈകിയാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്.
കോൺഗ്രസ് സർക്കാറിന്റെ അഞ്ച് ഗ്യാരണ്ടി പദ്ധതികളിൽ ഒന്നായ ഗൃഹജ്യോതി പദ്ധതി മുഖേന 200 യൂനിറ്റ് വരെയുള്ള ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതി ലഭിക്കുന്ന പദ്ധതി 2023 ജൂലൈയിലാണ് ആരംഭിച്ചത്. വിവിധ എസ്കോമുകളിലെ ജീവനക്കാർ ഗുണഭോക്താക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങൾ ശേഖരിക്കുകയും മീറ്റർ റീഡിങ്ങുകള്‍ വിലയിരൂത്തി രേഖപ്പെടുത്തുകയും ചെയ്യും.
മൊബൈൽ ആപ്ലിക്കേഷനും ഡിക്ലറേഷൻ ഫോമും ഉപയോഗിച്ചാണ് പ്രക്രിയ പൂർത്തിയാക്കുന്നത്. ആധാർ കാർഡ്, ഗുണഭോക്താക്കളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, വോട്ടർ ഐ.ഡി. കാർഡ്, പാൻ കാർഡ്, വാടക കരാറുകൾ, റേഷൻ കാർഡ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ എല്ലാ ഗുണഭോക്താക്കളും കൈവശം വെക്കണമെന്നും ഓൺ-സൈറ്റ് പരിശോധന ആയതിനാൽ ജീവനക്കാരോട് പൂർണമായും സഹകരിക്കണമെന്ന് ഊർജ്ജ വകുപ്പ് അഭ്യർഥിച്ചു. ഗൃഹജ്യോതി പദ്ധതിയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണ്‍ നാലിന് നടന്ന യോഗത്തില്‍ പദ്ധതിയിലെ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. യഥാർത്ഥ ഗുണഭോക്താവിന്റെ മരണം, വീട് മാറ്റം, രജിസ്ട്രേഷനുകൾ പുതുക്കാത്തത് എന്നിവ ഉൾപ്പെടെ നിരവധി ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടു.
നിരവധി വാണിജ്യ യൂനിറ്റുകൾ റെസിഡൻഷ്യൽ മീറ്റർ കണക്ഷനുകളിലാണ് പ്രവർത്തിക്കുന്നതെന്നും ശ്രദ്ധയിൽപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തില്‍ പദ്ധതിയിലെ അപാകതകൾ പരിഹരിക്കുന്നതിനായി ജൂൺ 30ന് ഗുണഭോക്താക്കളുടെ പട്ടിക പരിഷ്കരിക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം), മംഗലാപുരം ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (മെസ്കോം), ഹുബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ഹെസ്കോം), ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ജെസ്കോം), ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോർപ്പറേഷൻ ലിമിറ്റഡ് (സി.ഇ.എസ്.സി) എന്നീ അഞ്ച് എസ്കോം അധികാരപരിധികളിലും ഒരേസമയം വെരിഫിക്കേഷൻ ഡ്രൈവ് ആരംഭിക്കുമെന്നും രണ്ട് മാസത്തിനുള്ളിൽ മുഴുവൻ വെരിഫിക്കേഷൻ പ്രക്രിയയും പൂർത്തിയാക്കുമെന്നും ഉത്തരവിൽ പരാമര്‍ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.