കണ്ഠീരവ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിന പരിപാടി മുഖ്യമന്ത്രി ഡി.കെ.
ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: 2028 ഓടെ കർണാടകയെ മയക്കുമരുന്ന് വിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മയക്കുമരുന്ന് ദുരുപയോഗം ഇല്ലാതാക്കുന്നതിൽ സർക്കാറിനൊപ്പം കൈകോർക്കണമെന്ന് വിദ്യാര്‍ഥികളോടും യുവാക്കളോടും രക്ഷിതാക്കളോടും പൊതുജനങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു. കണ്ഠീരവ സ്റ്റേഡിയത്തിൽ കർണാടക സംസ്ഥാന പൊലീസ് സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസക്തി ഉപേക്ഷിച്ച് സന്തോഷത്തോടെ ജീവിക്കുക. മറ്റുള്ളവരിലേക്ക് അവബോധം പ്രചരിപ്പിക്കുക. ആളുകൾ സ്വാധീനിക്കാൻ ശ്രമിച്ചേക്കാം പക്ഷേ വിദ്യാര്‍ഥികളും യുവാക്കളും അത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങരുത് എന്നും അദ്ദേഹം പറഞ്ഞു. മുൻ ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വരയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 89 കോടി രൂപയുടെ മയക്കുമരുന്ന് വസ്തുക്കൾ നശിപ്പിച്ചിരുന്നു. സമൂഹത്തെ ഭയന്ന് കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ആസക്തി ഉണ്ടെന്ന് മാതാപിതാക്കൾ മറച്ചുവെക്കരുതെന്ന് മാതാപിതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികള്‍ അവരുടെ ഭാവി നശിപ്പിക്കും. മാതാപിതാക്കൾ കുട്ടികൾക്ക് കൃത്യമായ കൗൺസിലിങ് നൽകുകയും പൊലീസിനെ സമീപിക്കുകയും വേണം. അതുവഴി മയക്കുമരുന്ന് വിതരണത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കും.
ഇത്തരം കേസുകളിൽ അകപ്പെടുന്ന കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ രഹസ്യമാക്കിവെക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് രഹസ്യ വിവരം നൽകുന്നവര്‍ക്ക് പൊലീസ് പാരിതോഷികം നൽകും. മയക്കുമരുന്നിനെതിരായ പോരാട്ടം സ്വന്തം കുടുംബത്തെയും, അയൽപക്കത്തെയും, ഗ്രാമത്തെയും, സംസ്ഥാനത്തെയും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികള്‍ പുതിയ രീതികളിലൂടെയാണ് ഇവ കൈമാറുന്നത് എന്നത് ഏറെ ആശങ്കാജനമാണ്. പാൻ മസാലയിലും ഗുഡ്കയിലും ലഹരി വസ്തുക്കൾ കലർത്തുന്നുണ്ടെന്ന് സർക്കാറിന് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. പൊലീസിന്റെ കണക്കുകള്‍ പ്രകാരം 2026 മെയ് 31 വരെ കർണാടകയിലുടനീളം 184.72 കോടി വിലമതിക്കുന്ന മയക്കുമരുന്ന് വസ്തുക്കൾ പിടിച്ചെടുത്തു. 1,406 മയക്കുമരുന്ന് വിൽപ്പനക്കാരെ അറസ്റ്റ് ചെയ്യുകയും 6,651 പ്രതികൾക്കെതിരെയും 5,090 മയക്കുമരുന്ന് ഉപഭോക്താക്കൾക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്യുകയും 17 മയക്കുമരുന്ന് നിർമ്മാതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.