തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കുന്നു

നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കൽ: തെരുവുകച്ചവടക്കാരുടെ ജീവിതം അനിശ്ചിതത്വത്തില്‍

ബംഗളൂരു: കാല്‍നട സുരക്ഷിതമാക്കാന്‍ നടപ്പാതകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി ബുധനാഴ്ച ആരംഭിച്ചു. ഇതോടെ നടപ്പാതകളിൽ നിന്ന് കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് തെരുവ് കച്ചവടക്കാരുടെ ജീവിതം അനിശ്ചിതത്വത്തിലേക്ക് നീളുകയാണ്. കച്ചവടക്കാർക്ക് ആർട്ടീരിയൽ റോഡുകളിൽ നിന്ന് മാറി ഉൾപ്രദേശങ്ങളിലെ റോഡുകളിൽ കച്ചവടം നടത്താം എന്നു നിര്‍ദേശം നല്‍കുമ്പോഴും നിരവധി ആശങ്കകൾ ഉയര്‍ത്തുന്നു. മിക്ക സബ്-ആർട്ടീരിയൽ, റെസിഡൻഷ്യൽ റോഡുകളിലും ആർട്ടീരിയൽ റോഡുകളേക്കാൾ ഇടുങ്ങിയ നടപ്പാതകളുണ്ട്. ഉള്‍പ്രദേശത്തെ ‍റോഡുകളില്‍ യാത്രികരുടെ സുരക്ഷ പ്രധാന്യം അര്‍ഹിക്കുന്നില്ലേ എന്നും ചോദ്യം ഉയരുന്നു.

തെരുവുകച്ചവടക്കാരുടെ കുടിയിറക്കല്‍ നടപടിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കാൽനടക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ കച്ചവടക്കാരുടെ ഉപജീവനമാർഗവും സംരക്ഷിക്കണം.

ഇവ സന്തുലിതമായി നടപ്പാക്കുന്ന 2014 ലെ തെരുവ് കച്ചവടക്കാരുടെ (ഉപജീവന സംരക്ഷണവും തെരുവ് കച്ചവട നിയന്ത്രണവും) നിയമം ബംഗളൂരു ഒരിക്കലും പൂർണമായി നടപ്പാക്കിയിട്ടില്ല. തെരുവ് കച്ചവടക്കാരുടെ സർവേകൾ നടത്തുക, ടൗൺ വെൻഡിങ് കമ്മിറ്റികൾ രൂപവത്കരിക്കുക, വെൻഡിങ് സർട്ടിഫിക്കറ്റുകൾ നൽകുക, വെൻഡിങ് സോണുകളുടെ ശാസ്ത്രീയമായ തിരിച്ചറിയൽ എന്നിവ നിയമം അനുശാസിക്കുന്നു. കച്ചവടക്കാര്‍ക്ക് നിയമപരമായി പ്രവർത്തിക്കാൻ കഴിയുന്ന നിയുക്ത സ്ഥലങ്ങൾ നല്‍കണമെന്നും നിയമം അനുശാസിക്കുന്നു. വഴിയോരക്കച്ചവടം ഇല്ലാതാക്കുക എന്നതല്ല മറിച്ച് നിയന്ത്രിക്കുക എന്നതായിരുന്നു നിയമത്തിന്‍റെ ലക്ഷ്യം. ബി.ബി.എം.പി നടത്തിയ സർവേ പ്രകാരം ബംഗളൂരുവിലുടനീളം ഏകദേശം 30,000 തെരുവ് കച്ചവടക്കാരെ തിരിച്ചറിഞ്ഞു.

കച്ചവടം നടത്തുന്നതിനായി ഏകദേശം 7,000 സ്ഥലങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. എങ്കിലും ഈ പ്രക്രിയ മുന്നോട്ട് പോയില്ല. ഇതുവരെ ഔദ്യോഗികമായി കച്ചവടം നടത്താനുള്ള ഒരു കച്ചവട സ്ഥലം പോലും കച്ചവടക്കാരെ അറിയിച്ചിട്ടില്ല. കച്ചവടക്കാര്‍ക്ക് ഐഡന്‍റിറ്റി കാർഡ് ഇതുവരെ ലഭിച്ചിട്ടില്ല. കച്ചവടം സംബന്ധിച്ച തീരുമാനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ടൗൺ വെന്‍ഡിങ് കമ്മിറ്റികൾ രൂപീകരിച്ചിട്ടില്ല. ഫുട്പാത്തുകളിൽ സ്ഥിരമായി കൈയേറാതെ കച്ചവടം തുടരുന്നതിനായി വിൽപനക്കാർക്ക് മൊബൈൽ വെന്‍ഡിങ് വാഹനങ്ങൾ നൽകുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുമ്പ് പറഞ്ഞിരുന്നു.

ഇതിനായി ബജറ്റ് വിഹിതവും പ്രഖ്യാപിക്കുകയും 42 കോടി രൂപ ബജറ്റിൽ അനുവദിക്കുകയും ചെയ്തു. ഈ പ്രഖ്യാപനം പ്രവര്‍ത്തികമായില്ലെന്ന് വ്യാപാരികൾ പറയുന്നു. ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരേ ഗൗഡ നഗരവ്യാപകമായി നടപ്പാതകളും പ്രധാന റോഡുകളും വൃത്തിയാക്കുന്നതിനുള്ള പരിപാടി പ്രഖ്യാപിച്ചതിന് ശേഷമാണ് പ്രശ്നം വീണ്ടും ഉയർന്നത്. ഏകദേശം 30,000 തെരുവ് കച്ചവടക്കാര്‍ നഗരത്തില്‍ കച്ചവടം നടത്തുന്നുവെന്നറിഞ്ഞെങ്കിലും എന്തുകൊണ്ടാണ് ഒരൊറ്റ വ്യാപാര മേഖലയെയും ഔദ്യോഗികമായി അറിയിക്കാത്തത്? വെന്‍ഡിങ് ഐ.ഡി കാർഡുകളോ ടൗൺ വെന്‍ഡിങ് കമ്മിറ്റിയോ രൂപീകരിച്ചിട്ടില്ല. പ്രധാന റോഡുകളിൽ നിന്ന് എവിടേക്കാണ് പോകേണ്ടത്?

മൊബൈൽ വെന്‍ഡിങ് വാഹനങ്ങൾക്കും ബജറ്റ് വിഹിതത്തിനും എന്ത് സംഭവിച്ചുവെന്ന് തുടങ്ങി നിരവധി ചോദ്യങ്ങള്‍ കച്ചവടക്കാര്‍ ചോദിക്കുന്നു. നടപ്പാത ക്ലിയറൻസ് ഡ്രൈവ് കച്ചവടക്കാരുടെ ഉപജീവനമാർഗത്തെ ബാധിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ വിഷയത്തില്‍ പ്രതികരിച്ചു. 20 ശതമാനം കയ്യേറ്റം മാത്രമേ നീക്കം ചെയ്യുന്നുള്ളൂവെന്നും ശേഷിക്കുന്ന 80 ശതമാനം റോഡുകളിൽ വ്യാപാരം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാൽനടക്കാർക്കോ ഗതാഗതത്തിനോ ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ വാർഡ് റോഡുകളിലും പ്രധാന റോഡുകളല്ലാത്ത സ്ഥലങ്ങളിലും കച്ചവടം അനുവദിക്കുമെന്നും ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായും വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് ഈ കാമ്പയിന്‍ ആരംഭിച്ചത്. നടപ്പാതകൾ കൈയേറിയതിനാൽ കാൽനടക്കാർ റോഡുകളിൽ നടക്കാൻ നിർബന്ധിതരാകുന്നുണ്ടെന്നും ഇത് നിരവധി അപകടങ്ങൾക്ക് സാധ്യത വർധിപ്പിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞ പശ്ചാത്തലത്തിലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - The lives of street vendors are uncertain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.