കർണാടക മീഡിയ അക്കാദമിയും കർണാടക വർക്കിങ് ജേണലിസ്റ്റ്സ് അസോസിയേഷനും
ചേർന്ന് ഗാന്ധിഭവനിൽ സംഘടിപ്പിച്ച പത്രദിനാഘോഷ പരിപാടിയില്‍ നിന്ന്
ബംഗളൂരു: ഭയരഹിതമായ പത്രപ്രവർത്തനം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തത്വാധിഷ്ഠിതമായ സമീപനമാണ് നിര്‍ഭയമായ റിപ്പോര്‍ട്ടിങ് നേടാനുള്ള ഏക മാർഗമെന്ന് അദ്ദേഹം പറഞ്ഞു. കർണാടക മീഡിയ അക്കാദമിയും കർണാടക വർക്കിങ് ജേണലിസ്റ്റ്സ് അസോസിയേഷനും ചേർന്ന് ഗാന്ധിഭവനിൽ സംഘടിപ്പിച്ച പത്രദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്രപ്രവർത്തകർ തൊഴിലിന്റെ തത്വങ്ങൾക്കും, ധാർമികതക്കും, മനസ്സാക്ഷിക്കും അനുസൃതമായി പ്രവർത്തിച്ചാൽ അത് സമൂഹത്തിന് ഗുണം ചെയ്യും. വ്യാജ വാർത്തകളിൽ നിന്ന് പത്രപ്രവര്‍ത്തകര്‍ സ്വയം മോചിതരാകേണ്ടതുണ്ട്. സമൂഹത്തില്‍ വ്യാജ വാര്‍ത്തകളുടെ സ്വധീനം സ്വയം ഉദാഹരണത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. പതിവ് ആരോഗ്യ പരിശോധനക്കായി താൻ ഒരു ആശുപത്രി സന്ദർശിച്ചതിനെ ചില ടെലിവിഷൻ ചാനലുകൾ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി തെറ്റായി വാര്‍ത്ത നല്കി. മേക്കദട്ടു പദയാത്രക്കിടെയുണ്ടായ ചില ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സഹപ്രവർത്തകർ അദ്ദേഹത്തെ തള്ളിയിടുന്നതായുള്ള ദൃശ്യങ്ങൾ ചിത്രീകരിച്ചതായും മാധ്യമങ്ങള്‍ അത് പ്രചരിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള മനഃപൂർവമായ ശ്രമമായിരുന്നു അത്. താന്‍ തെറ്റ് ചെയ്താൽ അത് തുറന്നുകാട്ടുക. പക്ഷേ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യരുത്. ഒരു വാർത്താ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതുവരെ അത് പത്രപ്രവർത്തകന്റെതാണ്. പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ അത് സമൂഹത്തിന്റെതായി മാറുന്നു. അതിനാൽ ഓരോ വാർത്താ റിപ്പോർട്ടും സത്യസന്ധമായിരിക്കണം. മഹാത്മാഗാന്ധി ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തികൾ പത്രപ്രവർത്തനം പരിശീലിക്കുകയും തൊഴിലിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ടെന്നും ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.