മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ ആശുപത്രിയിൽനിന്ന് പുറത്തേക്ക് വരുന്നു
ബംഗളൂരു: ഈമാസം 14ന് കിത്തൂരിനടുത്ത് കാർ റോഡരികിലെ മരത്തിൽ ഇടിച്ചതിനെതുടർന്ന് കശേരുക്കൾക്കും കഴുത്തിനും പൊട്ടലുണ്ടായ വനിത-ശിശുവികസന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ 13 ദിവസത്തെ സ്വകാര്യ ആശുപത്രി ചികിത്സക്കുശേഷം ഡിസ്ചാർജ് ചെയ്തു.
പുനർജന്മം ലഭിച്ച അനുഭവമാണെന്ന് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് യാത്രയാകുന്നതിനിടെ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
എന്നാൽ, മന്ത്രി എന്ന നിലയിൽ, മാർച്ച് ആദ്യവാരം ഷെഡ്യൂൾ ചെയ്യുന്ന ബജറ്റിന് മുമ്പ് തനിക്ക് ചില ഉത്തരവാദിത്തങ്ങളും ചുമതലകളും നിർവഹിക്കാനുണ്ട്.
തന്റെ വകുപ്പ് നന്നായി പ്രവർത്തിക്കുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം വിശ്രമിച്ചശേഷം പൊതുജീവിതത്തിലേക്ക് മടങ്ങും. നിലവിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെ ബജറ്റുമായി ബന്ധപ്പെട്ട മീറ്റിങ്ങുകൾ നടത്തുന്നു.
തന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ പ്രാർഥനയും വിവിധ മഠങ്ങളിലെ സന്യാസിമാരുടെ അനുഗ്രഹവും തനിക്ക് കരുത്ത് പകർന്നു. വേഗത്തിൽ സുഖം പ്രാപിക്കാൻ ആഗ്രഹിച്ച എല്ലാവർക്കും നന്ദി- ഹെബ്ബാൾക്കർ പറഞ്ഞു.
അപകടത്തെതുടർന്ന് മന്ത്രിയുടെ കാറിൽനിന്ന് വലിയ ബാഗുകൾ നീക്കം ചെയ്തുവെന്ന ബി.ജെ.പി നേതാക്കളുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഹെബ്ബാൾക്കറുടെ മറുപടി ഇങ്ങനെ: ‘അവരുടെ ഹൃദയം കല്ലാണ്. അവരോട് ഞാൻ പ്രതികരിക്കില്ല. ജനങ്ങളുടെ കഷ്ടപ്പാടുകളുടെ പേരിൽ അവർ രാഷ്ട്രീയം കളിക്കുന്നു’.
ജനുവരി 13ന് രാത്രി ഞങ്ങൾ ബംഗളൂരുവിൽനിന്ന് ബെളഗാവിയിലേക്ക് മലപ്രഭ നദിയുടെ തീരത്തുള്ള ഞങ്ങളുടെ ജന്മനാടായ ഹിരേഹട്ടിഹോളിൽ സംക്രാന്തി ആഘോഷിക്കാൻ പുറപ്പെട്ടു.
പുണ്യസ്നാനത്തിനായി ഏഴ് മണിക്ക് മുമ്പ് അവിടെ എത്താൻ പദ്ധതിയിട്ടിരുന്നു. അവസാന നിമിഷം പരിപാടി തീരുമാനിച്ചതിനാൽ ഞങ്ങൾ അകമ്പടി ഇല്ലാതെ പോയി’-ഹെബ്ബാൾക്കർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.