മംഗളൂരു:കർണാടക ലോകായുക്തയുടെ സുസംഘടിതമായ ഓപ്പറേഷനിൽ ബ്രഹ്മാവർ മെസ്കോം ഓഫീസിലെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അശോക് പൂജാരി വെള്ളിയാഴ്ച 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. പൂജാരി പരാതിക്കാരിയെ രണ്ട് മാസത്തോളമായി ഉപദ്രവിച്ചു വരികയും വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ വൈകിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
ഔദ്യോഗിക കർത്തവ്യങ്ങളുടെ ഭാഗമായ ജോലിയാണെങ്കിലും ജോലി തുടരാൻ അയാൾ കൈക്കൂലി ആവശ്യപ്പെട്ടു. ഈ ആവശ്യത്തിന് വഴങ്ങാതെ ഉഡുപ്പി ലോകായുക്ത പൊലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ബ്രഹ്മാവറിലെ മെസ്കോം ഓഫീസിനുള്ളിൽ കൈക്കൂലി വാങ്ങുന്നതിനിടെ പൂജാരി പിടിയിലായി.
അശോക് പൂജാരി നേരത്തെ കുന്താപുരം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ചിരുന്നു .നാല് വർഷമായി ബ്രഹ്മാവറിൽ നിയമിതനായി. കർണാടക ലോകായുക്ത മംഗളൂരു പൊലീസ് സൂപ്രണ്ട് (ഇൻ-ചാർജ്) കുമാരചന്ദ്രയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ നടത്തിയത്.
കർണാടക ലോകായുക്ത ഉഡുപ്പി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഇൻ-ചാർജ്) മഞ്ജുനാഥ്, പൊലീസ് ഇൻസ്പെക്ടർമാരായ രാജേന്ദ്ര നായിക് (ഉഡുപ്പി), ഭാരതി ജി (മംഗളൂരു), ഉഡുപ്പി, മംഗളൂരു യൂണിറ്റുകളിൽ നിന്നുള്ള ലോകായുക്ത ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.