മാങ്ങ വിലയിടിവ്; കർഷകര്‍ ദുരിതത്തില്‍

ബംഗളൂരു: മാമ്പഴവില തുടർച്ചയായ രണ്ടാം വർഷവും കുത്തനെ ഇടിഞ്ഞത് കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. വിപണി വില മോശമായതിനാൽ കർഷകർ വിളവെടുപ്പ് ഒഴിവാക്കുകയും സർക്കാർ താങ്ങുവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഹോർട്ടികൾച്ചർ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം ഈ വർഷം മാമ്പഴ വിളവ് ഏകദേശം 30ശതാമനം മുതൽ 40ശതാമനം വരെ മാത്രമാണ്. ഉയർന്ന വിളവ് ലഭിക്കുന്ന ഇനങ്ങൾ മൊത്തവ്യാപാര വിപണികളിൽ കിലോഗ്രാമിന് നാല് മുതൽ ആറ് രൂപക്കാണ് വിൽക്കുന്നത്. വിളവെടുപ്പിനും വിപണിയിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള ചെലവ് പോലും തിരിച്ചുപിടിക്കാൻ കഴിയുന്നില്ലെന്ന് കർഷകർ പറഞ്ഞു.

വിളവെടുപ്പ് നടത്തേണ്ടതില്ലെന്ന് കര്‍ഷകര്‍ തീരുമാനിച്ചു. കർണാടകയിലെ മാമ്പഴത്തിന്‍റെ ‍ഏകദേശം 40 ശതാമനവും കോലാർ ജില്ലയിലെ ചിന്താമണി, ശ്രീനിവാസ്പൂർ താലൂക്കുകളിൽ നിന്നാണ് വരുന്നത്. കർഷകർ പ്രധാനമായും തോതാപുരി, ബെനിഷ, ബദാമി, മല്ലിക, രസപുരി എന്നീ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. വിപണിയില്‍ മിക്ക ഇനങ്ങളുടെയും വില കുറഞ്ഞു കേസർ, ദശേരി, മല്ലിക, രസപുരി, ബദാമി എന്നീ ഇനങ്ങള്‍ മാത്രമാണ് മിതമായ വിലയില്‍ വില്‍ക്കാന്‍ സാധിക്കുന്നത്. ഒരു മാമ്പഴത്തോട്ടത്തിനായി കര്‍ഷകര്‍ പ്രതിവർഷം ഏക്കറിന് ഏകദേശം 30,000 മുതൽ 40,000 രൂപ വരെ ചിലവാകും.

ഇതിൽ ഉഴുതുമറിക്കൽ, വളം, ജലസേചനം, കീടനാശിനികൾ, സുരക്ഷാ ചെലവുകൾ എന്നിവ ഉൾപ്പെടും. പല കർഷകരുടെയും ഏക വരുമാന മാർഗ്ഗമാണ് മാമ്പഴ കൃഷി. ഈ വർഷം നിക്ഷേപം പോലും തിരിച്ചുപിടിക്കാൻ കഴിയില്ല. കടക്കെണിയിലാകാൻ സാധ്യതയുണ്ട്. കർഷകർ നേരിടുന്ന പ്രതിസന്ധിയോട് സർക്കാർ പ്രതികരിക്കണമെന്നും കര്‍ഷകര്‍ പറഞ്ഞു. ആഭ്യന്തര സംഘർഷങ്ങൾ കാരണം മാമ്പഴ കയറ്റുമതിയിൽ ഉണ്ടായ ഇടിവും തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഒരേസമയം വിളവെടുപ്പ് നടന്നതുമാണ് വിലയിടിവിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. തുടർച്ചയായ മഴ പഴങ്ങളുടെ ഗുണനിലവാരത്തെ ബാധിച്ചു. ഇത് മാമ്പഴ വിപണിയെ കൂടുതൽ തളർത്തി.

വിലക്കുറവിന്‍റെ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭ്യമായിട്ടില്ല. ബദാമി, മല്ലിക എന്നിവ കിലോഗ്രാമിന് ഏകദേശം 80 രൂപക്കും, രസപുരി കിലോഗ്രാമിന് 60 മുതൽ 70 രൂപക്കും, ബെനിഷ കിലോഗ്രാമിന് 40 മുതൽ 50 രൂപക്കുമാണ് വിൽക്കുന്നത്. കഴിഞ്ഞ വർഷത്തെപ്പോലെ കർഷകർക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. ഉടൻ തന്നെ ഒരു പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹോർട്ടികൾച്ചർ വകുപ്പ് ജോയിന്‍റ് ഡയറക്ടർ ദേവരാജ് പറഞ്ഞു.

Tags:    
News Summary - Mango prices drop; farmers in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.