പ്രതീകാത്മക ചിത്രം
വിവാഹ രജിസ്‌ട്രേഷന് ആധാർ മാത്രം മതിയാകില്ല; കർശന നിർദ്ദേശവുമായി സ്റ്റാമ്പ് ആൻഡ് രജിസ്‌ട്രേഷൻ വകുപ്പ്
ബംഗളൂരു: കർണാടകയിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ആധാർ കാർഡ് മാത്രം പ്രായം തെളിയിക്കുന്ന രേഖയായി സ്വീകരിക്കരുതെന്ന് സ്റ്റാമ്പ് ആൻഡ് റജിസ്ട്രേഷൻ വകുപ്പിന്റെ കർശന മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർമാർക്കും വകുപ്പ് ഔദ്യോഗികമായി നിർദ്ദേശം നൽകി. ആധാർ കാർഡ് മാത്രം അടിസ്ഥാനമാക്കി വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നുവെന്ന നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ഇനി മുതൽ ഇത്തരം വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ പ്രായം സ്ഥിരീകരിക്കുന്നതിനായി ഉദ്യോഗസ്ഥർ ജനന സർട്ടിഫിക്കറ്റോ, സ്കൂൾ അധികൃതർ നൽകുന്ന ഡിക്ലറേഷൻ ലെറ്ററോ നിർബന്ധമായും ആവശ്യപ്പെടണം. മേൽപ്പറഞ്ഞ രണ്ട് രേഖകളും ലഭ്യമല്ലാത്ത പക്ഷം മാത്രം, പ്രായം തിട്ടപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് പരിഗണിക്കാവുന്നതാണ്.
ശൈശവ വിവാഹങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് വകുപ്പ് വ്യക്തമാക്കി. വിവാഹ രജിസ്‌ട്രേഷൻ വേളയിൽ പ്രായം തെളിയിക്കാൻ ആധാർ കാർഡോ ഇപിഐസി (EPIC) കാർഡോ മാത്രം പരിഗണിക്കുന്നത് ശൈശവ വിവാഹങ്ങളെ പരോക്ഷമായി നിയമവിധേയമാക്കുന്നതിന് തുല്യമാണെന്നും അധികൃതർ അഭിപ്രായപ്പെട്ടു.
കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ മുൻ അംഗമായ തിമ്മേസ്വാമി കെ.ടി നൽകിയ പരാതിയെത്തുടർന്നാണ് ഇത്തരമൊരു നിർണായക നടപടി രജിസ്‌ട്രേഷൻ വകുപ്പ് സ്വീകരിച്ചത്. ആധാർ കാർഡോ വോട്ടർ തിരിച്ചറിയൽ രേഖയോ മാത്രം നോക്കി വിവാഹം രജിസ്റ്റർ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം വകുപ്പിന് കത്ത അയച്ചിരുന്നു. പ്രായം തെളിയിക്കാൻ ആധാർ മാത്രം ഉപയോഗിക്കുന്നത് കൃത്രിമങ്ങൾക്കും ശൈശവ വിവാഹങ്ങൾക്കും വഴിയൊരുക്കുമെന്ന ആശങ്കയും ഇതിലൂടെ ശക്തമായി ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.