ഡി.കെ. ശിവകുമാർ
വാഗ്‌ദാനങ്ങളുടെ പെരുമഴ, ഖജനാവിലാണെങ്കിൽ പണമില്ല: പുതിയ പദ്ധതികൾ പ്രഖ്യാപിക്കും മുമ്പ് ശ്രദ്ധിക്കുക; ഡി.കെ. ശിവകുമാറിന് മുന്നറിയിപ്പുമായി ധനവകുപ്പ്
ബംഗളൂരു: വൻകിട പ്രഖ്യാപനങ്ങളുമായി മുന്നേറുന്ന കർണാടക മുഖ്യമന്ത്രിയും ധനകാര്യ വകുപ്പ് ചുമതലയുമുള്ള ഡി.കെ. ശിവകുമാറിന് കനത്ത തിരിച്ചടിയായി ധനവകുപ്പിന്റെ സാമ്പത്തിക മുന്നറിയിപ്പ്. പുതിയ പദ്ധതികൾക്ക് പണം കണ്ടെത്തണമെങ്കിൽ നിലവിലുള്ള ഉറവിടങ്ങൾ പോരാതെ വരുമെന്നും യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ കാണണമെന്നും ധനവകുപ്പ് സർക്കാറിന് കർശന നിർദ്ദേശം നൽകി. കടുത്ത പണഞെരുക്കം കാരണം സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണവും സബ്‌സിഡി തുകകളും ഉൾപ്പെടെ മുടങ്ങുന്ന സാഹചര്യത്തിലാണ് ധനവകുപ്പിന്റെ വിലയിരുത്തൽ.
ഡി.കെ. ശിവകുമാറിന്റെ സ്വപ്നപദ്ധതിയായ 10,000 കോടി രൂപയുടെ 'ഗ്രാമീണ റോഡ് കണക്റ്റിവിറ്റി പദ്ധതി' സംബന്ധിച്ച് ധനവകുപ്പിന്റെ അഭിപ്രായം തേടിയപ്പോഴാണ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്. 15,000 കിലോമീറ്റർ ഗ്രാമീണ റോഡുകൾ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ, നിലവിൽ ഗതാഗത കോർപ്പറേഷനുകൾ, ജലസേചന യൂട്ടിലിറ്റികൾ, വൈദ്യുതി കമ്പനികൾ എന്നിവടങ്ങളിലെ ശമ്പള വിതരണം പ്രതിസന്ധിയിലാണ്. സബ്‌സിഡി തുകകളും മറ്റ് പ്രതിമാസ ചെലവുകളും നൽകാനാകാതെ സർക്കാർ കുടിശ്ശിക വരുത്തുന്നുണ്ടെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടി.
2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് ആവശ്യങ്ങൾക്കായി കർണാടക സർക്കാർ ഇതിനകം തന്നെ കടമെടുപ്പിന്റെ പരമാവധി പരിധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പുതിയ പദ്ധതികൾക്കായി ഇനിയും വായ്പയെടുക്കാൻ സംസ്ഥാനത്തിന് സാധിക്കില്ല. റവന്യൂ കമ്മിയാണ് കർണാടക ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്‌നം. ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു പങ്കും ശമ്പളം, പെൻഷൻ, സബ്‌സിഡി, പലിശ എന്നിവക്കായി വിനിയോഗിക്കേണ്ടി വരുന്നു. ഇതിനുപുറമെ കോൺഗ്രസ് സർക്കാരിന്റെ അഞ്ച് 'ഗ്യാരണ്ടി പദ്ധതികൾക്കായി' മാത്രം വർഷംതോറും 50,000 കോടി രൂപയാണ് ചെലവഴിക്കുന്നത്.
പുതിയ പദ്ധതികൾ വെട്ടിച്ചുരുക്കിയേക്കാം
ബജറ്റിൽ വകയിരുത്താത്ത കോടികളുടെ പദ്ധതികൾ ആരംഭിക്കുന്നത് സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്‌മെന്റിനെ താളം തെറ്റിക്കുമെന്ന് ധനവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. പുതിയ പദ്ധതികൾ നടപ്പിലാക്കണമെങ്കിൽ മറ്റ് വകുപ്പുകളുടെ വിഹിതം വെട്ടിക്കുറക്കേണ്ടിവരും. ഇത് മറ്റ് വികസന പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കും. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കാലത്ത് പ്രഖ്യാപിച്ച പല ജനപ്രിയ പദ്ധതികളും ഡി.കെ. ശിവകുമാറിന് സ്വന്തം പദ്ധതികൾക്കായി വെട്ടിച്ചുരുക്കേണ്ടി വന്നേക്കാം.
ഈ സാമ്പത്തിക വർഷം ഇതുവരെ 7,042.69 കോടി രൂപയുടെ അധിക ചെലവിനായുള്ള അനുബന്ധ കണക്കുകൾ ശിവകുമാർ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ 'ഭാരത് ജോഡോ യൂത്ത് ക്ലബ്ബ്' (1,000 കോടി രൂപ) പോലുള്ള പുതിയ പ്രഖ്യാപനങ്ങളും ഉൾപ്പെടുന്നു. ഇതിനിടയിലാണ് കരാറുകാർക്ക് നൽകാനുള്ള കുടിശ്ശികയും സർക്കാറിന് തലവേദനയാകുന്നത്. പൊതുമരാമത്ത്, ജലവിഭവ വകുപ്പ്, മൈനർ ഇറിഗേഷൻ, ഗ്രാമവികസനം എന്നീ നാല് വകുപ്പുകളിൽ മാത്രം നൽകാനുള്ള കുടിശ്ശിക 36,136 കോടി രൂപയാണ്.
വരൾച്ചയും തിരിച്ചടിയാകുന്നു
സംസ്ഥാനത്ത് നിലനിൽക്കുന്ന രൂക്ഷമായ വരൾച്ച സർക്കാരിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണ്. ബജറ്റ് വിഹിതത്തിന് പുറമെ വലിയ തുക അധികമായി കണ്ടെത്തേണ്ടി വരുമെന്നാണ് വിലയിരുത്തൽ. അർഹതയില്ലാത്തവരെ ഒഴിവാക്കി 'ഗ്യാരണ്ടി' പദ്ധതികളിലെ ചെലവ് 4,000 മുതൽ 5,000 കോടി രൂപ വരെ കുറക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ലക്ഷ്യമിട്ടിരുന്നെങ്കിലും, കർഷകർ വ്യാപകമായി ജലസേചന പമ്പ് സെറ്റുകൾ ഉപയോഗിക്കുന്നതിനാൽ ഈ തുക സബ്‌സിഡിയായി സർക്കാറിന് വീണ്ടും നൽകേണ്ടിവരുന്ന സാഹചര്യമാണുള്ളത്. വലിയ പ്രഖ്യാപനങ്ങളും വികസന വാഗ്‌ദാനങ്ങളും നൽകുമ്പോഴും ഖജനാവിൽ പണമില്ല എന്നത് കർണാടക സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട് എന്നതാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.