താവർചന്ദ് ഗെഹ്‌ലോട്ട്, ഡി.കെ. ശിവകുമാർ

വന്ദേമാതരം പൂർണമായി ആലപിക്കൽ നിർബന്ധമല്ലെന്ന് കർണാടക സർക്കാർ ഹൈകോടതിയിൽ, ചുരുക്കിയതിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവർണർ

ബംഗളൂരു: സംസ്ഥാന സർക്കാർ ചടങ്ങുകളിൽ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. അതേസമയം, ഇതുസംബന്ധിച്ച പൊതുതാൽപര്യ ഹരജിയിൽ, സർക്കാർ ഹൈകോടതിയിൽ നിലപാട് വ്യക്തമാക്കി.  ദേശീയ ഗാനത്തിൽ നിന്ന് വ്യത്യസ്തമായി വന്ദേമാതരം പൂർണമായി ആലപിക്കൽ നിർബന്ധമല്ലെന്നും ഐച്ഛികമാണെന്നും സർക്കാറിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.

വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രം സംസ്ഥാന സർക്കാർ ചടങ്ങുകളിൽ ആലപിക്കണമെന്ന സർക്കാർ ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടിയത്. വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ആലപിക്കുന്നത് നിർബന്ധമാക്കുന്നതാണ് 2026ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷനൽ ഓണർ (ഭേദഗതി) നിയമമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് ഭരിക്കുന്ന കേരള സർക്കാർ സമാനമായ തീരുമാനം കൈക്കൊണ്ടതിന് പിന്നാലെയാണ് കർണാടക സർക്കാറും രണ്ട് ചരണങ്ങൾ മാത്രം ആലപിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കണമെന്ന കോൺഗ്രസിന്റെ ആശയപരമായ നിലപാടിനൊപ്പമാണ് ഈ തീരുമാനം. 1937ൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാൻ തീരുമാനിച്ചിരുന്നു.

വന്ദേമാതരത്തിന്റെ ഔദ്യോഗികമായി ആലപിക്കേണ്ട പതിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ടെന്നും ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടി. ദേശീയ ഗീതം ആലപിക്കുന്നത് മനഃപൂർവം തടയുന്നതും അത്തരം ആലാപനത്തിൽ ഏർപ്പെട്ടിരിക്കുന്ന സംഘത്തിന്റെ പരിപാടി മനഃപൂർവം തടസ്സപ്പെടുത്തുന്നതും ഭേദഗതി ചെയ്ത വ്യവസ്ഥയുടെ പരിധിയിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

‘2026 സെപ്റ്റംബർ എട്ടിന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നും സംസ്ഥാന സർക്കാർ ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിലവിൽ പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ പാലിക്കണമെന്നും ഞാൻ സംസ്ഥാന സർക്കാറിനോട് നിർദേശിക്കുന്നു’ -ഗവർണർ കത്തിൽ പറഞ്ഞു.

സംസ്ഥാന സർക്കാറിന്റെ ഭരണപരമായ നിർദേശങ്ങളും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള പ്രോട്ടോക്കോളും തമ്മിലുള്ള അനാവശ്യ സംഘർഷം ഒഴിവാക്കാനും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭരണനിർവഹണ അധികാരപരിധി സംബന്ധിച്ച അനാവശ്യ ഭരണഘടനാ നിയമനടപടികൾ ഒഴിവാക്കാനും ഉത്തരവ് പുനഃപരിശോധിക്കുന്നത് സഹായിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

അതേസമയം, വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതി​യെന്ന സംസ്ഥാന സർക്കാറിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി കർണാടക ഹൈകോടതി മാറ്റിവെച്ചു. വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും പൂർണമായി ആലാപനം ചെയ്യണമെന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയു​ടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ അനു ശിവരാമൻ, ടി.പി. വിവേകാനന്ദ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.

കാബിനറ്റ് കുറിപ്പോ നിയമോപദേശമോ ഇല്ലാതെയാണ് സംസ്ഥാന മന്ത്രിസഭ ഈ തീരുമാനമെടുത്തതെന്നായിരുന്നു ഹർജിക്കാരന്റെ വാദം. കേന്ദ്ര സർക്കാറിന്റെ നിർദേശങ്ങൾക്ക് വിരുദ്ധമായി ആറ് ചരണങ്ങളുള്ള വന്ദേ മാതരത്തിന്റെ വരികൾ വെട്ടിച്ചുരുക്കാൻ സംസ്ഥാനത്തിന് കഴിയില്ലെന്നും അദ്ദേഹം വാദിച്ചു.

ഔദ്യോഗിക ചടങ്ങുകളിൽ ‘വന്ദേമാതരം’ ആലപിക്കുന്നത് രണ്ട് വരികളായി പരിമിതപ്പെടുത്തിയ ഉത്തരവിനെതിരെ കർണാടക നിയമസഭയിൽ ബി.ജെ.പി എം.എൽ.എമാർ കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു. നിയമസഭയിൽ വന്ദേമാതരത്തിന്റെ രണ്ട് വരികൾ കഴിഞ്ഞ ഉടൻ പ്രതിപക്ഷ നിരയിലെ ബി.ജെ.പി എംഎൽഎമാർ എഴുന്നേറ്റു നിൽക്കുകയും ഗാനത്തിന്റെ പൂർണരൂപം സഭക്കുള്ളിൽ ഒന്നിച്ച് ആലപിക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.