മന്ത്രി കെ.എം. ശിവലിംഗെ ഗൗഡ പ്രജാസേവ ആന്ദോളന പരിപാടിയില്‍
കൈക്കൂലിയെ ന്യായീകരിച്ച മന്ത്രി വിവാദത്തില്‍
ബംഗളൂരു: ജോലിയില്‍ കൃത്യത പാലിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ജനങ്ങള്‍ ബഹുമാനപൂർവ്വം പണം നൽകാമെന്ന കർണാടക എക്സൈസ് മന്ത്രിയും ഹാസൻ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായ കെ.എം. ശിവലിംഗെ ഗൗഡ നടത്തിയ പ്രസ്താവന വിവാദത്തില്‍.
ഹാസൻ ജില്ലയിലെ സകലേശ്പുരിൽ നടന്ന പ്രജാ സേവ ആന്ദോളന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നത്തിനിടയിലാണ് പ്രസ്താവന. എന്തു സേവനങ്ങള്‍ സര്‍ക്കാറില്‍ നിന്നും ലഭിക്കണമെങ്കിലും കൈക്കൂലി നല്‍കേണ്ട അവസ്ഥയാണെന്നും അതിനെതിരെ നടപടി സ്വീകരിക്കണമെന്നും ജനങ്ങള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.
നിങ്ങൾക്ക് എന്ത് നൽകാൻ താൽപര്യമുണ്ടെങ്കിലും അത് ബഹുമാനപൂർവം നല്‍കാം. അത് നിങ്ങളുടെ ധർമമാണ്. പക്ഷേ ആരും ബലമായി പണം വാങ്ങരുത് എന്ന് പൊതുജനങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. കൃത്യസമയത്ത് ജോലി പൂർത്തിയാക്കുന്ന ഉദ്യോഗസ്ഥർക്ക് ജനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ടിപ്പുകൾ നൽകിയാൽ തെറ്റൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു.
ഇതോടെ പ്രകോപിതരായ ജനക്കൂട്ടം മന്ത്രിയെ ചോദ്യം ചെയ്തു. ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിക്കുന്നുണ്ട്. എന്തിന് അവർക്ക് ടിപ്പുകൾ നല്‍കുന്നതെന്നും ഇത് കൈക്കൂലി പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമല്ലേ എന്നും ജനങ്ങള്‍ ചോദിച്ചു. ഇതോടെ ഉദ്യോഗസ്ഥരുടെ ജോലിയെ അഭിനന്ദിക്കണമെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും കൈക്കൂലി നൽകാൻ ഒരിക്കലും നിർദേശിച്ചിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി. തന്‍റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചുവെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വിഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിക്കുകയും വ്യാപകമായി വിമർശനം ഉയരുകയും ചെയ്തു. മന്ത്രിയുടെ പ്രസ്താവാനയോട് ബി.ജെ.പി ശക്തമായി പ്രതികരിച്ചു. കോൺഗ്രസ് സർക്കാറിന്‍റെ യഥാർഥ സ്വഭാവമാണ് വെളിപ്പെട്ടതെന്ന് അവര്‍ പറഞ്ഞു. മാന്യമായ രീതിയിൽ കൈക്കൂലി എങ്ങനെ നൽകണമെന്ന് മന്ത്രി ജനങ്ങളോട് പറഞ്ഞുവെന്ന് ബി.ജെ.പി എം.എൽ.എ ഭരത് ഷെട്ടി പറഞ്ഞു. എഡിറ്റ് ചെയ്ത വിഡിയോയാണ് ബി.ജെ.പി പ്രചരിപ്പിച്ചത്.
തന്‍റെ പ്രസ്താവനയുടെ ഒരു ഭാഗം മാത്രമെടുത്ത് പ്രതിപക്ഷം സർക്കാറിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് ദുഃഖകരമാണ്. ബി.ജെ.പിയുടെ നീചമായ തന്ത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രി കൈക്കൂലി വാങ്ങുകയോ നൽകുകയോ ചെയ്യുന്നത് സ്വാഭാവികമായിരിക്കാം. പക്ഷേ കർണാടകയിലെ ജനങ്ങൾക്ക് വേണ്ടിയല്ല എന്നും ഗൗഡ തന്‍റെ പ്രസ്താവന പിൻവലിച്ച് കർണാടകയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും ബി.ജെ.പി എം.എൽ.സി സി.ടി രവി ആവശ്യപ്പെട്ടു. മന്ത്രിയുടെ പരാമർശത്തിനെതിരെ ആക്ടിവിസ്റ്റ് ദിനേശ് കലഹള്ളി സംസ്ഥാന ഗവർണർ താവർചന്ദ് ഗെഹ് ലോട്ടിന് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.