പ്രിയങ്ക് ഖാ​ർഗെ

വന്ദേമാതരത്തിന്റെ അവസാന രണ്ട് വരികൾ ഉച്ചരിക്കാൻ കഴിയില്ല; ബിജെപി നേതാക്കളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

ബംഗളൂരു: കർണാടക നിയമസഭയിൽ ദേശീയ ഗീതമായ ‘വന്ദേമാതരം’ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചതിൽ പ്രതിഷേധിച്ച ബി.ജെ.പി എം.എൽ.എമാരെ പരിഹസിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. ബി.ജെ.പി നേതാക്കൾക്കും അവരുടെ എം.എൽ.എമാർക്കും വന്ദേമാതരത്തിന്റെ അവസാന രണ്ട് ചരണങ്ങളിലെ വരികൾ ശരിയായി ഉച്ചരിക്കാൻ കഴിയില്ലെന്ന് പ്രിയങ്ക് പറഞ്ഞു.

ബി.ജെ.പി നേതാക്കൾക്ക് ഗാനത്തിന്റെ മുഴുവൻ പതിപ്പും അറിയാമെന്ന് നടിക്കുകയാണ്. അത് ചൊല്ലുമ്പോൾ അവർ വരികൾ നോക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. വന്ദേമാതരത്തിന്റെ ബാക്കി ചരണങ്ങളിൽ (സ്റ്റാൻസ) ബംഗാളി വാക്കുകൾ അടങ്ങിയിരിക്കുന്നതിനാൽ അവ ഉച്ചരിക്കാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ, വന്ദേമാതരം സംബന്ധിച്ച് കോൺഗ്രസിനെതിരെ ബി.ജെ.പി നടത്തുന്ന വിമർശനങ്ങൾക്ക് പ്രിയങ്ക് ഖാർഗെ ശക്തമായ മറുപടി നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള കേന്ദ്ര കാബിനറ്റിലെ മന്ത്രിമാർക്ക് ടെലിപ്രോംപ്റ്ററോ എഴുതിവെച്ച കുറിപ്പുകളോ ഇല്ലാതെ വന്ദേമാതരം പൂർണമായി ആലപിക്കാൻ സാധിക്കുമോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ബി.ജെ.പി കാബിനറ്റ് ടെലിപ്രോംപ്റ്റർ ഇല്ലാതെ ഗാനം പൂർണമായി ചൊല്ലിക്കാണിച്ചാൽ താൻ മന്ത്രിസ്ഥാനം രാജിവെക്കാൻ തയാറാണെന്നും പ്രിയങ്ക് പ്രഖ്യാപിച്ചു.

വന്ദേമാതരത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസിനും അത്രയധികം ആത്മാർഥതയുണ്ടെങ്കിൽ, സംഘശാഖകളിൽ ചൊല്ലുന്ന ‘നമസ്തേ സദാ വത്സലേ’ മാറ്റിനിർത്തി പകരം വന്ദേമാതരം ആലപിക്കാൻ തയാറാകുമോയെന്നും മന്ത്രി ചോദിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കുമില്ലാത്ത ബി.ജെ.പിയും സംഘപരിവാറും കോൺഗ്രസിന് ദേശസ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ നിഷേധിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ, ഇത്തരം വൈകാരിക വിഷയങ്ങൾ ഉപയോഗിച്ച് സ്വന്തം വീഴ്ചകൾ മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും പ്രിയങ്ക് ഖാർഗെ കുറ്റപ്പെടുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.