മംഗളൂരു: മംഗളൂരു സിറ്റി കോർപറേഷൻ ആദ്യമായി നഗരത്തിലെ തെരുവ് നായ്ക്കളുടെ സമഗ്ര സർവേ നടത്തും. നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി നിയമം ഇത്തരമൊരു സർവേ നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ മംഗളൂരുവിൽ നടപ്പിലാക്കിയിരുന്നില്ല.
ശക്തിനഗറിലെ അനിമൽ കെയർ ട്രസ്റ്റ്, വേൾഡ് വൈഡ് വെറ്ററിനറി സർവിസ് എന്നിവയുമായി സഹകരിച്ചാണ് സർവേ നടത്തുന്നത്. സർവേക്കുള്ള തയാറെടുപ്പിന്റെ ഭാഗമായി 60 വാർഡുകളുടെയും മാപ്പിങ് ഇതിനകം പൂർത്തിയായി.മുഴുവൻ വാർഡുകളിലും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. ഈ സംരംഭത്തിന് 120 വളന്റിയർമാരെയെങ്കിലും ആവശ്യമുണ്ട്. രജിസ്ട്രേഷൻ പ്രക്രിയ നിലവിൽ നടക്കുന്നു. ഓരോ ടീമിലും രണ്ട് അംഗങ്ങൾ ഉണ്ടാവും. ഒരാൾ വാഹനം ഓടിക്കാനും മറ്റൊരാൾ തെരുവ് നായ്ക്കളെ തിരിച്ചറിയാനും ഡേറ്റ അപ്ലോഡ് ചെയ്യാനും. ഓരോ ടീമും മൂന്ന് ദിവസത്തിനുള്ളിൽ ഒരു വാർഡ് ഉൾക്കൊള്ളും.ശേഖരിച്ച ഡേറ്റയിൽ തെരുവ് നായ്ക്കളുടെ ജിയോ-ടാഗ് ചെയ്ത ചിത്രങ്ങൾ, ലിംഗ തിരിച്ചറിയൽ, വന്ധ്യംകരണ നിലയെക്കുറിച്ചുള്ള വിശദാംശങ്ങൾ, നായ്ക്കുട്ടികളുടെ എണ്ണം എന്നിവ ഉൾപ്പെടും. ഓരോ ടീമിനും ദിവസവും സഞ്ചരിക്കാൻ ഒരു പ്രത്യേക ദൂരം നിശ്ചയിച്ചിരിക്കും.കൃത്യത ഉറപ്പാക്കാൻ തെരുവ് നായ്ക്കൾ ഏറ്റവും കൂടുതൽ ദൃശ്യമാകുന്ന പുലർച്ച 5.30നും എട്ടിനും ഇടയിലുള്ള സമയത്താണ് സർവേ നടത്തുന്നത്. ശേഖരിച്ച ഡേറ്റ വേൾഡ് വൈറ്ററിനറി സർവിസ് വിശകലനം ചെയ്യും. മാർച്ച് അവസാനത്തോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇരുചക്ര വാഹനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത പ്രദേശങ്ങളിൽ സർവേ നടത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കും. കാൽനടയായി സഞ്ചരിച്ചാണ് ഈ സർവേയർമാർ വിവരങ്ങൾ ശേഖരിക്കുക.വിദ്യാർഥികളെ ഈ സംരംഭത്തിൽ ഉൾപ്പെടുത്താൻ സ്കൂളുകളെയും കോളജുകളെയും സമീപിച്ചിട്ടുണ്ട്. ഇതുവരെ 60 ഓളം വളന്റിയർമാരാണ് രജിസ്റ്റർ ചെയ്തതെന്ന് ആനിമൽ കെയർ ട്രസ്റ്റിലെ സുമ നായക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.