പ്രവാസി വനിതയുടെ വീട്ടിൽനിന്നും പണവും ആഡംബര വാച്ചുകളും മോഷ്ടിച്ചയാൾ പിടിയിൽ

മംഗളൂരു: മല്ലരുവിലെ വീട്ടിൽ അതിക്രമിച്ച് കയറി പണവും വിലകൂടിയ വാച്ചുകളും ഉൾപ്പെടെ വസ്തുക്കൾ കവർന്ന കേസിൽ അന്തർസംസ്ഥാന മോഷ്ടാവിെ പൊലീസ് അറസ്റ്റ് ചെയ്തു. കുടക് ജില്ലയിൽ സോംവാർപേട്ടിലെ ഗാന്ധിനഗർ സ്വദേശി സഞ്ജയ് കുമാറാണ് (32) അറസ്റ്റിലായത്.

ഉളിയാർഗോളിയിലെ ഭാരത് നഗറിൽ വാടകക്ക് താമസിക്കുന്ന ഇയാൾ മല്ലാറുവിലെ ആർ.ഡി. മൻസിലിലാണ് മോഷണം നടത്തിയത്. സൗദി അറേബ്യയിൽ താമസിക്കുന്ന സ്ത്രീയുടേതാണ് വീട്. രണ്ട് - മൂന്ന് മാസത്തിലൊരിക്കൽ മാത്രമേ അവർ ഇവിടെ എത്താറുള്ളൂ. ഈ മാസം ഒന്നിന് വീട്ടുടമസ്ഥയുടെ ബന്ധു സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം പുറത്തറിഞ്ഞത്. വീട് പരിശോധിച്ചപ്പോൾ പ്രധാന വാതിൽ തകർത്ത നിലയിൽ കണ്ടെത്തി. പുലർച്ചെ മോഷ്ടാവ് പ്രധാന വാതിൽ തകർത്ത് ഡൈനിങ് ഹാൾ വഴി വീട്ടിൽ കയറുകയായിരുന്നു.

പരാതിയെത്തുടർന്ന് കൗപ് പൊലീസ് അന്വേഷണം ആരംഭിച്ചു. സഞ്ജയ് കുമാറിനെതിരെ സംസ്ഥാനത്തുടനീളമുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലായി 36 മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സോംവാർപേട്ടിൽ 27 കേസുകളും വിരാജ്പേട്ട റൂറലിൽ രണ്ട് കേസുകളും സുന്തികൊപ്പ, മൈസൂരു വിജയനഗർ, കുശാൽനഗർ, ചന്നരായപട്ടണ (ഹാസൻ), അർക്കൽഗഡ് പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസും ഇതിൽ ഉൾപ്പെടുന്നു. ഈ കേസുകളിൽ 20 ലധികം കേസുകളിൽ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതി വളരെക്കാലമായി ഒളിവിൽ കഴിയുകയായിരുന്നു.

Tags:    
News Summary - Man arrested for theft from Pravasi woman's home in Mangaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.