ബംഗളൂരുവിലെ ഗതാഗതക്കുരുക്കിന്റെ രക്തസാക്ഷിയായി മലയാളി വ്യാപാരി

ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കും സഹായത്തിനായുള്ള സുഹൃത്തിന്റെ അഭ്യർഥനയോട് ആളുകൾ മുഖംതിരിച്ചതും കാരണം നഷ്ടമായത് വിലപ്പെട്ട ജീവൻ. ബംഗളൂരുവിലെ വ്യാപാരി മട്ടന്നൂർ ഉളിയിൽ സ്വദേശി കെ. കെ. സാജിറാണ് കഴിഞ്ഞ ദിവസം വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചത്.

മെജസ്റ്റിക്കില്‍ പച്ചക്കറിയും ഫ്രൂട്ട്സും സപ്ലൈ ചെയ്യുന്ന സാജിര്‍ ബംഗളൂരുകര്‍ക്കിടയില്‍ സുപരിചിതനാണ്. വ്യാപാരം തുമക്കുരുവിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ചൊവ്വാഴ്ച അർധരാത്രി സുഹൃത്തിനെ കാണാനുള്ള യാത്രയില്‍ ഇലക്ട്രോണിക് സിറ്റിക്കടുത്ത് ചന്താപുര പാലത്തിലെത്തിയപ്പോഴാണ് സാജിറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഡ്രൈവിങ് വശമുണ്ടായിരുന്നില്ല. സാജിറിനെ രക്ഷിക്കുന്നതിനായി റോഡിലൂടെ കടന്നുപോയ പല വാഹനങ്ങൾക്കും സുഹൃത്ത് കൈ കാണിച്ച് സഹായം അഭ്യർഥിച്ചെങ്കിലും ആരും തയ്യാറായില്ല. തുടർന്ന് ആൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദിനെ വിവരമറിയിച്ചതിനെത്തുടർന്ന് കെ.എം.സി.സി പ്രവർത്തകൻ സലീം മാലിക്ക് സ്ഥലത്തെത്തിയെങ്കിലും ഗതാഗതക്കുരുക്ക് വില്ലനായി. പാലത്തിന്‍റെ മധ്യഭാഗത്തായിരുന്നു വാഹനം നിർത്തിയിരുന്നതെന്നതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമായിരുന്നു. പാലത്തിലെ വാഹനങ്ങൾ മുഴുവന്‍ വശങ്ങളിലേക്ക് മാറ്റിയ ശേഷം ഗതാഗതക്കുരുക്ക് ഒരുവിധം അഴിച്ചാണ് സാജിറിനെ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലത്തിന് തൊട്ടുതാഴെ ആശുപത്രിയുണ്ടായിട്ടും കൃത്യസമയത്ത് എത്തിക്കാൻ കഴിയാതെ പോയതാണ് ജീവൻ നഷ്ടമാവാൻ കാരണം. പറക്കമുറ്റാത്ത ആറു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് വിട പറഞ്ഞത്. രോഗികള്‍ക്ക് ചികിത്സ അനിവാര്യമായ സുവർണ്ണ മണിക്കൂറിൽ സാജിറിനെ എത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് വൈദ്യശാസ്ത്രം കൈ മലര്‍ത്തുമ്പോള്‍ നിസ്സഹായനായി നോക്കി നില്‍ക്കന്‍ മാത്രമേ സാധിച്ചുള്ളൂവെന്ന് സുഹൃത്ത് പറയുന്നു. അഞ്ചോ പത്തോ മിനുറ്റ് ദൂരത്തിനുള്ളില്‍ എത്തേണ്ട സ്ഥലങ്ങളില്‍ പോലും മണിക്കൂറുകളോളം ഗതാഗതക്കുരുകില്‍ കുടുങ്ങിക്കിടാക്കേണ്ട അവസ്ഥ നഗരവാസികള്‍ക്ക് സുപരിചിതമാണ്. ഗതാഗതക്കുരുക്ക് മൂലം നാട്ടിലേക്കും വിദേശത്തേക്കുമുള്ള ബസും, ട്രെയിനും, വിമാനവും പോലും മുടങ്ങിപ്പോയവര്‍ ധാരാളം. അത്യാവശ്യഘട്ടങ്ങളില്‍ പോലും ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ ജീവനുകള്‍ നഷ്ടപ്പെട്ട സംഭവങ്ങളും അനവധിയാണ്.

Tags:    
News Summary - Malayali businessman becomes martyr of traffic jam in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.