മകൾ കൊലപ്പെടുത്തിയതെന്ന് പരാതി; വയോധികന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി
മംഗളൂരു: സ്വത്തിന്റെ പേരിൽ മകൾ വയോധികനായ പിതാവിനെ കൊലപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് രണ്ട് മാസം മുമ്പ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചയാളുടെ മൃതദേഹം ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്.എസ്.എൽ) പരിശോധനക്കായി പുറത്തെടുത്തു.
മംഗളൂരു കൊട്ടാര ഫസ്റ്റ് ക്രോസ് നിവാസിയായിരുന്ന ആൽബർട്ട് റെഗോയുടെ (86) മൃതദേഹമാണ് കുന്തിക്കാനക്കടുത്തുള്ള ഡെറെബെയിൽ പള്ളിയുടെ പരിസരത്തുള്ള സെമിത്തേരിയിൽ നിന്ന് പുറത്തെടുത്തത്. ജൂലൈ 19നാണ് സംശയാസ്പ സാഹചര്യത്തിൽ മരണം സംഭവിച്ചത്. ഒപ്പം താമസിച്ചിരുന്ന മകൾ മായ റെഗോ പോസ്റ്റ്മോർട്ടം പരിശോധന നടത്താതെയും, മരണത്തെക്കുറിച്ച് മറ്റ് കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും മതിയായ വിവരങ്ങൾ നൽകാതെയും അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെ അന്ത്യകർമങ്ങൾ നടത്തുകയായിരുന്നു.
സംശയം തോന്നിയ ആൽബർട്ട് റെഗോയുടെ സുഹൃത്ത് ഹരോൾഡ് പെരേര ഉർവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മായ റെഗോക്കും മറ്റുള്ളവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. ആൽബർട്ട് റെഗോയുടെ സ്വത്ത് മകളുടെ പേരിലേക്ക് മാറ്റാൻ സമ്മർദം ചെലുത്തിയെന്നും പീഡനത്തിന് ഇരയായെന്നും പരാതിയിൽ ആരോപിക്കുന്നു. പരസഹായത്തോടെയാണ് കൊലപ്പെടുത്തിയതെന്നും ഡോക്ടറുടെയും പൊലീസ് ഉദ്യോഗസ്ഥന്റെയും പങ്കാളിത്തമുണ്ടെന്നും പരാതിയിൽ പറയുന്നു. ആൽബർട്ട് റെഗോ നേരത്തെ വിദേശത്ത് ജോലി ചെയ്ത് സ്വത്ത് സമ്പാദിച്ചിരുന്നു. അദ്ദേഹത്തിന്റെ മറ്റ് രണ്ട് മക്കൾ വ്യത്യസ്ത സ്ഥലങ്ങളിലാണ് താമസിക്കുന്നത്. ഒരു മകൾ അദ്ദേഹത്തോടൊപ്പമായിരുന്നു. മകൾ നടത്തിയ പീഡനത്തെക്കുറിച്ചും സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും ആൽബർട്ട് സുഹൃത്തുക്കളോട് പറഞ്ഞതായി പരാതിക്കാരൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.