രോഹിത് വെമുലയുടെ മരണം: പ്രതിഷേധിച്ച വിദ്യാര്‍ഥികൾക്കെതിരായ എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കി
ബംഗളൂരു: 2016ൽ ബംഗളൂരുവിൽ രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രകടനം നടത്തിയ 15 വിദ്യാര്‍ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലെ കൊയില ഗ്രാമത്തിലെ മുഹമ്മദ് തുഫൈലും മറ്റുള്ളവരും സമർപ്പിച്ച ഹർജി ജസ്റ്റിസ് എച്ച്.പി. സന്ദേശ് അധ്യക്ഷനായ സിംഗിൾ ജഡ്ജി ബെഞ്ച് അനുവദിച്ചു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം പ്രതികൾ നിയമവിരുദ്ധമായ സംഘം ചേരൽ നടത്തിയെന്ന് സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി.
2009ലെ അസംബ്ലികളുടെയും പൊതുപ്രകടനങ്ങളുടെയും ലൈസൻസിങ് ആൻഡ് കൺട്രോളിങ് (ബാംഗ്ലൂർ സിറ്റി) ഉത്തരവ് കോടതി പരിശോധിക്കുകയും മീറ്റിങ്, പ്രതിഷേധം അല്ലെങ്കിൽ പൊതു പ്രസംഗം എന്നിവ നടത്തുന്നതിനായി 250ലധികം ആളുകൾ ഒരിടത്ത് ഒത്തു കൂടുമ്പോൾ മുൻകൂർ അനുമതി ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. എങ്കിലും 100 നും 150 നും ഇടയിൽ വിദ്യാര്‍ഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തതായി പോലീസ് കുറ്റപത്രത്തിൽ തന്നെ പറയുന്നു. അതിനാൽ, വിദ്യാർഥികൾ ഏത് നിയമമോ നിയമ വ്യവസ്ഥയോ ലംഘിച്ചുവെന്ന് കുറ്റപത്രത്തിൽ വ്യക്തമായി പറഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 100 മുതൽ 150 വരെ വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തതായി പൊലീസ് പറഞ്ഞപ്പോൾ 15 വിദ്യാർഥികളെ മാത്രം പ്രതികളാക്കിയത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
ഒരു സമ്മേളനത്തിൽ പങ്കെടുത്തത് കൊണ്ട് മാത്രം ഒരാളെ ഐ.പി.സി സെക്ഷൻ 149 പ്രകാരം കുറ്റക്കാരനാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത അംഗങ്ങൾക്ക് പൊതുവായ ഒരു ക്രിമിനൽ ലക്ഷ്യം ഉണ്ടായിരുന്നുവെന്നും പ്രതികള്‍ ആ ലക്ഷ്യം നേടിയെടുക്കാൻ പ്രവർത്തിച്ചുവെന്നും പ്രോസിക്യൂഷൻ സ്ഥാപിക്കണം. കേസിന്റെ സാഹചര്യങ്ങൾ, സമ്മേളനത്തിൽ പങ്കെടുത്ത ആളുകളുടെ എണ്ണം, കുറ്റപത്രത്തിലെ പോരായ്മകൾ എന്നിവ കണക്കിലെടുത്ത് സി.ആർ.പി.സി സെക്ഷൻ 482 പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിക്കാൻ യോഗ്യതയുള്ള കേസാണെന്ന് ഹൈക്കോടതി വിധിക്കുകയും 15 ഹരജിക്കാർക്കെതിരെയുള്ള നടപടികൾ റദ്ദാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.