മംഗളൂരു: ചിക്കമഗളൂരുവിൽ വെള്ളിയാഴ്ച മഹിശ ദസറ നടക്കും. ഇതിനിടെ ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും ഭീഷണി മുഴക്കിയതിനാൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ആറ് ദിവസത്തേക്ക് ജില്ല ഡെപ്യൂട്ടി കമീഷണർ മീന നാഗരാജ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ദലിത് സംഘടനകളുടെ കൂട്ടായ്മയിൽ ടൗൺഹാളിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയിൽ പ്രമുഖ എഴുത്തുകാരൻ പ്രഫ. കെ.എസ്. ഭഗവാനാണ് മുഖ്യാതിഥി. ഹിന്ദുത്വയുടെ വിമർശകനായ ഇദ്ദേഹത്തിന്റെ സാന്നിധ്യമാണ് സംഘ്പരിവാറിന്റെ എതിർപ്പിന് പിന്നിൽ.
ചാമുണ്ഡേശ്വരി ദേവിയെ വധിച്ച ഭൂതമാണ് മഹിശ എന്നാണ് ബി.ജെ.പി, സംഘ്പരിവാർ വാദം. ജനങ്ങളുടെ ഹൃദയം കീഴടക്കിയ ബുദ്ധ രാജാവായിരുന്നു മഹിശ എന്ന മറുവാദവുമുണ്ട്. നേരത്തെ മൈസൂരുവിൽ നടത്തിയ പ്രസ്താവനയിൽ വൊക്കാലിഗ സമുദായക്കാർ ബ്രാഹ്മണ അടിമകളായ വിഡ്ഢിക്കൂട്ടമാണെന്ന് പ്രഫ. കെ.എസ്. ഭഗവാൻ പരിഹസിച്ചിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ സി.ടി. രവി ഉൾപ്പെടെ മുഴുവൻ ബി.ജെ.പി സ്ഥാനാർഥികളേയും പരാജയപ്പെടുത്തി കോൺഗ്രസ് തൂത്തുവാരിയ ജില്ലയാണ് ചിക്കമഗളൂരു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.