മംഗളൂരു: കർണാടക ലോകായുക്ത മംഗളൂരു, ഉഡുപ്പി ഡിവിഷനുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ റെയ്ഡിൽ മംഗളൂരു സിറ്റി കോർപറേഷന്റെ (എം.സി.സി) പ്രധാന വകുപ്പുകളിലായി നിരവധി ഭരണപരമായ വീഴ്ചകളും ക്രമക്കേടുകളും കണ്ടെത്തി. ലോകായുക്ത പൊലീസ് ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഡോ. ഗണ പി. കുമാർ, പി. സുരേഷ് കുമാർ, ഇൻസ്പെക്ടർമാരായ ജി. ഭാരതി, മംഗളൂരുവിൽനിന്നുള്ള കെ.എൻ. ചന്ദ്രശേഖർ, ഉഡുപ്പിയിൽനിന്നുള്ള മഞ്ജുനാഥ്, എം.എൻ. രാജേന്ദ്ര നായിക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംയുക്ത ഓപറേഷൻ. ലോകായുക്തയിൽനിന്ന് ലഭിച്ച സെർച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
കമീഷണറുടെ ഓഫിസിനൊപ്പം റവന്യൂ, ആരോഗ്യം, എൻജിനീയറിങ്, അക്കൗണ്ട്സ്, ടൗൺ പ്ലാനിങ് വകുപ്പുകളും ഇതിൽ ഉൾപ്പെടുന്നു. റവന്യൂ, ടൗൺ പ്ലാനിങ് വിഭാഗങ്ങളിൽ ഇടനിലക്കാരുടെ സാന്നിധ്യം വളരെ കൂടുതലായിരുന്നു. ഒരു ബ്രോക്കറുടെ കൈവശം കണക്കിൽപ്പെടാത്ത അഞ്ച് ലക്ഷം രൂപ കണ്ടെത്തി. 15 വർഷം മുമ്പ് ആരോഗ്യ ഓഫിസറായി വിരമിച്ച ഉദ്യോഗസ്ഥൻ അതേ തസ്തികയിൽ തുടരുന്നത് കണ്ടെത്തി.
ഇത് ഭരണപരമായ പിഴവുകളെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. ആരോഗ്യ വകുപ്പിൽ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തി. എം.സി.സി ട്രേഡ് ലൈസൻസ് പോർട്ടലിൽ നിരവധി ട്രേഡ് ലൈസൻസ് ഫയലുകൾ തീർപ്പാക്കാതെ കിടക്കുകയാണ്. നിരവധി ബിസിനസുകൾ അവരുടെ ലൈസൻസുകൾ പുതുക്കിയിട്ടില്ല. അനുബന്ധ ഫീസും ഈടാക്കിയിട്ടില്ല. എൻജിനീയറിങ് വിഭാഗത്തിൽ അപ്ഡേറ്റ് ചെയ്യാത്ത ഫയലുകൾ തീർപ്പാക്കാതെ കിടക്കുകയായിരുന്നു. നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ടൗൺ പ്ലാനിങ് വകുപ്പ് കെട്ടിട നിർമാണ അനുമതികൾ നൽകിയത്.
ചില കേസുകളിൽ മുമ്പ് പൊളിച്ചുമാറ്റൽ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും കെട്ടിട നിർമാണ ഉപനിയമങ്ങൾ ലംഘിച്ച കെട്ടിടങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. കമീഷണർ ഉൾപ്പെടെയുള്ള ടൗൺ പ്ലാനിങ് വിഭാഗത്തിലെ എനജിനീയർമാരും മുതിർന്ന ഉദ്യോഗസ്ഥരും നിയമവിരുദ്ധമായി ഈ അനുമതികൾ നൽകിയതായി സംശയിക്കുന്നു. കെട്ടിടങ്ങളിൽനിന്ന് നഗരത്തിലെ അഴുക്കുചാലിലേക്കും സ്റ്റോം വാട്ടർ ചാനലുകളിലേക്കും അനധികൃത ഡ്രെയ്നേജ് കണക്ഷനുകൾ സ്ഥാപിക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിൽ എക്സിക്യൂട്ടിവ് എൻജിനീയർമാർ, അസിസ്റ്റന്റ് എൻജിനീയർമാർ, യു.ജി.ഡി ജീവനക്കാർ എന്നിവർ പരാജയപ്പെട്ടു.
ഈ അശ്രദ്ധ കാരണം മഴക്കാലത്ത് അഴുക്കുചാലുകൾ നിറഞ്ഞൊഴുകുന്നത് കാരണം റെസിഡൻഷ്യൽ ഏരിയകളിൽ വൃത്തിഹീനമായ അവസ്ഥയുണ്ടാകുന്നു. 25 യൂനിറ്റുകളിൽ കൂടുതലുള്ള നിരവധി അപ്പാർട്മെന്റ് സമുച്ചയങ്ങളിൽ മതിയായ മലിനജല സംസ്കരണ പ്ലാന്റ് (എസ്.ടി.പി) ശേഷിയില്ല. എസ്.ടി.പി നിർമാണത്തിന് നിർബന്ധിക്കാതെ ഉദ്യോഗസ്ഥർ അംഗീകാരം നൽകി. നിർമാണ അംഗീകാര പ്രക്രിയയിൽ, യു.ജി.ഡി ശൃംഖലയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ അവഗണിക്കപ്പെട്ടു. ഇത് പ്രാദേശിക നദികളുടെയും അരുവികളുടെയും മലിനീകരണത്തിന് കാരണമായി. വിശദമായ റിപ്പോർട്ട് ലോകായുക്ത കേന്ദ്ര ഓഫിസിൽ സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.