മംഗളൂരു: കർണാടക ലോകായുക്ത മംഗളൂരു ഡിവിഷനിൽനിന്നുള്ള സംഘം പിലിക്കുള വികസന അതോറിറ്റി പരിസരത്ത് നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി ഭരണപരമായ ക്രമക്കേടുകൾ കണ്ടെത്തി. പിലിക്കുളയിലെ മൃഗശാലക്ക് ഗണ്യമായ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും അതിന്റെ വികസനത്തിനായി ഫണ്ട് വീണ്ടും നിക്ഷേപിക്കുന്നതിൽ അതോറിറ്റി പരാജയപ്പെട്ടതായി പരിശോധനയിൽ സംഘം കണ്ടെത്തി. മൃഗശാല ജീവനക്കാർക്ക് കുറഞ്ഞ വേതനമേ നൽകുന്നുള്ളൂവെന്നും ആരോഗ്യ ആനുകൂല്യങ്ങളൊന്നും നൽകുന്നില്ലെന്നും കണ്ടെത്തി.
മൃഗശാലയുടെ നടത്തിപ്പ് വനംവകുപ്പിന് കൈമാറാൻ മുൻകൂർ ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും സാധുവായ ന്യായീകരണമില്ലാതെ അതോറിറ്റി കൈമാറ്റം വൈകിപ്പിച്ചു. പരിസരത്ത് സ്വത്തുക്കൾ പാട്ടത്തിനെടുത്ത ചില സംഘടനകളിൽ നിന്ന് അതോറിറ്റി കുടിശ്ശിക ഈടാക്കുന്നില്ലെന്നും സംഘം കണ്ടെത്തി. ടെൻഡർ പ്രക്രിയയിലും ക്രമക്കേടുകൾ നടന്നു.
ലോകായുക്ത ഉദ്യോഗസ്ഥർ പ്രസക്തമായ രേഖകളും തെളിവുകളും ശേഖരിച്ചു. ലോകായുക്ത ഡിവൈ.എസ്.പിമാരായ ഡോ. ഗാന പി. കുമാർ, പി. സുരേഷ് കുമാർ, പൊലീസ് ഇൻസ്പെക്ടർമാരായ ജി. ഭാരതി, കെ.എൻ. ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിശദമായ റിപ്പോർട്ട് ലോകായുക്ത കേന്ദ്ര ഓഫിസിന് സമർപ്പിക്കുമെന്ന് കർണാടക ലോകായുക്ത മംഗളൂരു ഡിവിഷനിലെ ഇൻ-ചാർജ് പൊലീസ് സൂപ്രണ്ട് കുമാരചന്ദ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.