ബംഗളൂരു: കന്നട സാഹിത്യത്തിലെ മഹാനായ കവിയും ജ്ഞാനപീഠ പുരസ്കാര ജേതാവും രാഷ്ട്രകവിയുമായ കുവേമ്പുവിന്റെ ശ്രീരാമായണ ദർശനത്തിന്റെ മലയാള വിവർത്തനം പ്രസിദ്ധീകരിച്ചു. ബംഗളൂരുവിലെ അലയൻസ് സർവകലാശാല ഇന്ത്യൻ നോളജ് സിസ്റ്റംസ് ഡിപ്പാർട്മെന്റ് ഡയറക്ടറും കണ്ണൂർ സർവകലാശാല മലയാളവിഭാഗം മുൻ തലവനുമായ ഡോ. എ.എം. ശ്രീധരനാണ് വിവർത്തനഗ്രന്ഥം തയാറാക്കിയത്.
കന്നടയിലെ ആധുനിക ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീരാമായണ ദർശനം ആധുനികതയും ഇന്ത്യൻ ആത്മീയതയും സമന്വയിപ്പിച്ച കൃതിയാണ്. മനുഷ്യജീവിതത്തിലെ ധർമബോധം, ആത്മവിശ്വാസം, സത്യാന്വേഷണം തുടങ്ങിയ മൂല്യങ്ങൾ പുതിയ കാലത്തിന് അനുയോജ്യമായ രീതിയിൽ പരിഷ്കരിച്ച് അവതരിപ്പിക്കുകയാണ് കുവേമ്പു ചെയ്തിട്ടുള്ളത്. ഈ വിചാരധാരകളെ ആഴത്തിൽ ഉൾക്കൊണ്ടുകൊണ്ടാണ് മലയാളഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളത്.
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ ശ്രീരാമായണ ദർശനം മനോവിശുദ്ധിയുള്ള ജീവിതത്തിലേക്ക് വായനക്കാരനെ ക്ഷണിക്കുന്നു. പാശ്ചാത്യ കവിയായ ടി.എസ്. എലിയറ്റിന്റെ സ്വാധീനം ഈ കൃതിയിൽ ശക്തമാണ്. ദുഷ്ട കഥാപാത്രങ്ങളെന്ന് നാം കരുതിയ മന്ഥര, ബാലി, രാവണൻ തുടങ്ങിയവരെ മാനസിക പരിവർത്തനത്തിന് വിധേയരായ കഥാപാത്രങ്ങളായാണ് കുവേമ്പു ചിത്രീകരിക്കുന്നത്.
സീതക്കൊപ്പം അഗ്നിശുദ്ധി വരുത്തുന്ന രാമൻ ഈ കാവ്യത്തിലെ മറ്റൊരത്ഭുതമാണ്. ‘മാനസാന്തരപ്പെടൂ, മനുഷ്യാ’ എന്നതാണ് ഈ കൃതി നൽകുന്ന ആത്യന്തിക സന്ദേശം.
എല്ലാ തെറ്റുകളും ന്യായീകരിക്കപ്പെടുന്ന വർത്തമാനകാലത്ത്, അക്രമം ഒരു അടയാളമായി മാറുന്ന പുതിയ കാലത്ത്, സാഹോദര്യം നശിപ്പിക്കപ്പെടുന്ന പുതിയ കാലത്ത്, രാമായണ തത്ത്വചിന്ത മനസ്സിന്റെ വിശുദ്ധിയുടെ സന്ദേശം നൽകുന്നു. മലയാള-കന്നട ഭാഷ പിറവി ആഘോഷിക്കുന്ന നവംബർ ഒന്നിന് സർവകലാശാലയിൽ പ്രകാശനം നിർവഹിക്കാനുള്ള ഒരുക്കത്തിലാണ് ഗ്രന്ഥകാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.