ബംഗളൂരു: ഖനി ഭീമൻ ഗാലി ജനാർദന റെഡ്ഡി ബി.ജെ.പിയിൽ തിരിച്ചെത്തി. റെഡ്ഡിയുടെ പാർട്ടിയായ കല്യാണ കർണാടക പ്രഗതി പക്ഷ (കെ.ആർ.ആർ.പി) ബി.ജെ.പിയിൽ ലയിച്ചു. ബി.ജെ.പിയോട് ഇടഞ്ഞ് 2022 ഡിസംബറിലാണ് ജനാർദന റെഡ്ഡി കെ.ആർ.ആർ.പി രൂപവത്കരിച്ചത്. കഴിഞ്ഞ വർഷം നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച കെ.ആർ.ആർ.പി ബെള്ളാരി മേഖലയിൽ ബി.ജെ.പിയുടെ വോട്ടുചോർത്തിയിരുന്നു. കൊപ്പാലിലെ ഗംഗാവതി സീറ്റിൽനിന്ന് വിജയിച്ച് റെഡ്ഡി എം.എൽ.എയാവുകയും ചെയ്തു.
സഹസ്ര കോടികളുടെ ഖനി അഴിമതി കേസുകളിൽ പ്രതിയായ ജനാർദന റെഡ്ഡി 2008 ലെ ബി.ജെ.പി സർക്കാറിൽ മന്ത്രിയായിരുന്നു. ഖനി അഴിമതി കേസിൽ പിന്നീട് ജയിലിലായ റെഡ്ഡി, 2015 മുതൽ സുപ്രീം കോടതി അനുവദിച്ച ജാമ്യത്തിൽ കഴിയുകയാണ്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും പ്രചാരണ രംഗത്ത് ബി.ജെ.പി പരിഗണന നൽകാതിരുന്നതോടെ റെഡ്ഡി പുതിയ പാർട്ടി രൂപവത്കരിച്ച് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കരുത്തുകാട്ടിയത്. കഴിഞ്ഞദിവസം ഡൽഹിയിൽ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് റെഡ്ഡി പാർട്ടി ലയന പ്രഖ്യാപനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.