ബംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം അടിക്കടി വർധിക്കുമ്പോഴും രണ്ടാം വിമാനത്താവളം സങ്കൽപത്തിൽ. വിമാനത്താവളങ്ങൾ തമ്മിലുണ്ടാവേണ്ട ദൂരപരിധിയാണ് തടസ്സം. രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായ ബംഗളൂരുവിൽ കഴിഞ്ഞവർഷം 3.70 കോടി യാത്രക്കാരെത്തിയതായാണ് കണക്ക്.
നാല് ലക്ഷത്തിലധികം ചരക്കും കൈകാര്യം ചെയ്തു. ബംഗളൂരുവിൽ രണ്ടാം രാജ്യാന്തര വിമാനത്താവളത്തിനുള്ള സ്ഥലം നിശ്ചയിക്കുന്നതിന് ഉടൻ യോഗം ചേരുമെന്ന് മന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു. സർജാപുര, കനകപുര റോഡ്, തുമകൂരു, ദബസ്പേട്ട് തുടങ്ങിയ സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. വിഷയം മന്ത്രിസഭ യോഗത്തിലും ചർച്ച ചെയ്യും. ഭൂമി ഏറ്റെടുക്കുന്നതിനും ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരത്തിനുമാവശ്യമായ സമയം പരിഗണിച്ച് സർക്കാർ ആസൂത്രണ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ബംഗളൂരു വിമാനത്താവളത്തിന്റെ 150 കിലോമീറ്റർ പരിധിയിൽ 25 വർഷത്തേക്ക് മറ്റൊരു വിമാനത്താവളം പാടില്ലെന്ന് ബംഗളൂരു ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡും (ബി.ഐ.എ.എൽ) കേന്ദ്രസർക്കാരും ബംഗളൂരു വിമാനത്താവളം ആരംഭിച്ചപ്പോൾ ധാരണയുണ്ടായിരുന്നു. 2008 മേയിലാണ് ബംഗളൂരു വിമാനത്താവളം ആരംഭിച്ചത്. ധാരണപ്രകാരം 2033ലാണ് 150 കിലോമീറ്ററിനകത്ത് ഇനി വിമാനത്താവളം നിർമിക്കാനാവുക.
അതേസമയം, ന്യൂയോർക്, ലണ്ടൻ തുടങ്ങിയ പ്രധാന നഗരങ്ങൾക്ക് സമീപത്തായി ഒന്നിലധികം വിമാനത്താവളങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. മുംബൈയിൽ രണ്ടുവിമാനത്താവളങ്ങൾ തമ്മിലുള്ള ദൂരം 36 കിലോമീറ്റർ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.