മാണ്ഡ്യ ജില്ലയിലെ കർഷക പ്രതിനിധികളും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വിധാൻ സൗധയിൽ നടന്ന യോഗത്തിൽ
ബംഗളൂരു: കൃഷ്ണരാജ സാഗർ (കെ.ആർ.എസ്) അണക്കെട്ടിന് സമീപം കാവേരി ആരതി എന്ന നിർദിഷ്ട പദ്ധതിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈകോടതി വെള്ളിയാഴ്ച സംസ്ഥാന സർക്കാറിന് നോട്ടീസയച്ചു. പാരിസ്ഥിതികവും സുരക്ഷാപരവുമായ അപകട ആശങ്കാജനകമാണ് ഈ പദ്ധതിയെന്ന ഹരജിക്കാരൻ സുനന്ദ ജയറാമിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആർ. രാജണ്ണയുടെ പ്രാഥമിക വാദങ്ങൾ പരിഗണിച്ചശേഷമാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് വി. കാമേശ്വര റാവു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ടാഴ്ചക്കുള്ളിൽ മറുപടി സമർപ്പിക്കണമെന്ന് ബെഞ്ച് നിർദേശിച്ചു.
ഗംഗാ ആരതിയുടെ മാതൃകയിൽ കാവേരി ആരതി പരിപാടി നടത്താനുള്ള ജലവിഭവ വകുപ്പിന്റെ പദ്ധതിയെ ഹരജി ചോദ്യം ചെയ്യുന്നു. ഇതിനായി സംസ്ഥാനം 92.30 കോടി രൂപയുടെ ബജറ്റ് അംഗീകരിച്ചതായി റിപ്പോർട്ടുണ്ടെന്ന് ഹരജിയിൽ പറഞ്ഞു. സന്ദർശകരുടെ ഒഴുക്ക് കെ.ആർ.എസ് അണക്കെട്ടിന്റെ സുരക്ഷയെ അപകടത്തിലാക്കുകയും നദി മലിനമാക്കുകയും ചുറ്റുമുള്ള ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യും.
വിശാലമായ കാവേരിതടത്തിലെ കാർഷിക രീതികളെ ഈ സംരംഭം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. 2021 ലെ ഡാം സുരക്ഷാ നിയമപ്രകാരമുള്ള വ്യവസ്ഥകൾ പദ്ധതി ലംഘിക്കുന്നുവെന്നും അത് റദ്ദാക്കണമെന്നും ഹരജിയിൽ വാദിക്കുന്നു. പദ്ധതി നടപ്പാക്കുന്നതിന് താൽക്കാലിക സ്റ്റേ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദസറയോടെ പരിപാടി ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ആരതി കാണാൻ ഏകദേശം 10,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സൗകര്യമൊരുക്കാനും സർക്കാർ പദ്ധതിയിടുന്നു. സ്റ്റേഡിയം, പാർക്കിങ് സോണുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയുൾപ്പെടെ വലിയ പൊതുസമ്മേളനങ്ങൾ ഉൾക്കൊള്ളുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിനാണ് ഫണ്ട് ഉദ്ദേശിക്കുന്നത്. വിശാലമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വേണ്ടത്ര വിലയിരുത്താതെയാണ് തീരുമാനമെടുത്തതെന്ന് ഹരജിക്കാരൻ പറഞ്ഞു.
ബംഗളൂരു: കാവേരി ആരതി പദ്ധതി മാണ്ഡ്യയിലെ കൃഷ്ണ രാജ സാഗര (കെ.ആർ.എസ്) അണക്കെട്ടിന് ഒരു ദോഷവും വരുത്തില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കൃഷി മന്ത്രി ചെലുവരായസ്വാമിയും ഉറപ്പുനൽകി. മാണ്ഡ്യ ജില്ലയിലെ കർഷകരും പ്രതിനിധികളുമായി വിധാൻ സൗധയിൽ നടന്ന യോഗത്തിന് ശേഷമാണ് ഈ വിശദീകരണം. ജലസേചന, സാങ്കേതിക വിദഗ്ധരുമായി കൂടിയാലോചിച്ച് അവരുടെ ശിപാർശകൾ ഉൾപ്പെടുത്തിയ ശേഷമാണ് തീരുമാനമെന്ന് മന്ത്രിമാർ പറഞ്ഞു. കെ.ആർ.എസ് ഘടനയിൽനിന്ന് ഗണ്യമായ അകലത്തിൽ അണക്കെട്ടിന്റെ വെള്ളം തുറന്നുവിടുന്ന സ്ഥലത്തിന് താഴെയായിരിക്കും പരിപാടി നടക്കുക.
നിലവിൽ സ്ഥലത്ത് സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സ്ഥലത്തെയും സുരക്ഷാ സംവിധാനങ്ങളെയും കുറിച്ചുള്ള അവബോധത്തിന്റെ അഭാവം കാരണം ചില ആശങ്കകൾ ഉയർന്നുവന്നിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി കൂടിയായ ശിവകുമാർ പറഞ്ഞു. അണക്കെട്ടിന്റെ സുരക്ഷയിൽ ഞങ്ങൾ ഉത്തരവാദിത്തം പങ്കിടുന്നു.
ഒരിക്കലും അതിൽ വിട്ടുവീഴ്ച ചെയ്യില്ല, കുടക്, മംഗളൂരു, മൈസൂരു, മാണ്ഡ്യ എന്നിവയുടെ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന കാവേരി ആരതി നദിയോടുള്ള പ്രതീകാത്മക ആദരാഞ്ജലിയായിട്ടാണ് വിശേഷിപ്പിക്കുന്നത്. ഈ പരിപാടി ഏകദേശം 2,000 പേർക്ക് നേരിട്ട് തൊഴിൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ആരതിയുടെ വിശദമായ പദ്ധതി അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പുറത്തിറക്കും. തെറ്റായ വിവരങ്ങൾ മൂലമുണ്ടായ എതിർപ്പിനെ പരാമർശിച്ച് മന്ത്രിമാർ പറഞ്ഞു. ബംഗളൂരു, മാണ്ഡ്യ, തമിഴ്നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളിലെ കർഷകർ എന്നിവരുടെ ജീവനാഡിയായി കാവേരി വഹിക്കുന്ന പങ്ക് എടുത്തുകാണിച്ചുകൊണ്ട് പരിപാടി തുടരുമെന്ന് ശിവകുമാർ ആവർത്തിച്ചു. ശ്രമങ്ങൾ പരാജയപ്പെട്ടേക്കാം, പക്ഷേ, പ്രാർഥനകൾ ഒരിക്കലും പരാജയപ്പെടില്ല, അതാണ് ഞങ്ങളുടെ വിശ്വാസം -അദ്ദേഹം കൂട്ടിച്ചേർത്തു.
ഗംഗാ ആരതിയും തുംഗ ആരതിയും ഉദ്ധരിച്ച് കർണാടകക്ക് സ്വന്തം കാവേരി ആരതി ആഘോഷിക്കേണ്ട സമയമാണിതെന്ന് മന്ത്രിമാർ പറഞ്ഞു. കെ.ആർ.എസ് ബൃന്ദാവൻ ഉദ്യാനം ഇതിനകം തന്നെ ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ദിവസേന ആകർഷിക്കുന്നു. അതിന്റെ ആകർഷണം കൂടുതൽ വർധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഈ സംരംഭം കാവേരി മാതാവിനെ ആദരിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്കാരം സംരക്ഷിക്കുകയും ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി മന്ത്രിമാർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.